kozhikode local

ഉല്‍സവ പറമ്പുകളിലെ ചൂതാട്ടത്തിനിടെ ആറു പേര്‍ പിടിയില്‍

വടകര: ഉല്‍സവ പറമ്പുകളില്‍ വ്യാപകമായ ചൂതാട്ടത്തിനെതിരേ ശക്തമായ നടപടിയുമായി പോലിസ് രംഗത്ത്. വടകര പോലിസ് സ്റ്റേഷന്‍ പരിധിയിലെ മൂന്നിടങ്ങളിലായി എസ്‌ഐ പി എസ് ഹരീഷും സംഘവും കഴിഞ്ഞ ദിവസം രാത്രി നടത്തിയ റെയ്ഡിലാണ് ആറു പേരെ അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്ന് പതിനാലായിരം രൂപ പിടിച്ചെടുത്തിട്ടുണ്ട്.
ചട്ടി, തിരിപ്പ് തുടങ്ങിയവ ഉപയോഗിച്ചുള്ള ചൂതാട്ടമാണ് ക്ഷേത്രങ്ങളില്‍ ഉല്‍സവത്തിനെത്തുന്നവരെ ലക്ഷ്യമിട്ട് നടക്കുന്നത്. ഒന്നു മുതല്‍ ആറു വരെയുള്ള കളങ്ങളെ അടിസ്ഥാനമാക്കി പണം വെക്കുകയും അടിച്ചാല്‍ തുക ഒന്നിന് അഞ്ചായി തിരികെ കിട്ടുകയും ചെയ്യുന്നതാണ് കളി. ഇതിന്റെ ഹരത്തില്‍ വന്‍ജനാവലിയാണ് ഉല്‍സവ പറമ്പുകളില്‍ ഒത്തു കൂടുക.
ഇന്നലെ റെയ്ഡിനിറങ്ങിയ പോലിസ് കളി സാമഗ്രികള്‍ പൂര്‍ണമായും നശിപ്പിച്ചു. പിടികൂടിയവരെ പിന്നീട് ജാമ്യത്തില്‍വിട്ടു. ഉല്‍സവ പറമ്പുകളിലെ ചൂതാട്ടക്കാരുടെ ചരടുവലിയില്‍ പോലിസ് വീഴുന്നതിനാല്‍ പലപ്പോഴും നടപടി ഉണ്ടാവാറില്ലായിരുന്നു.
ഉല്‍സവമില്ലാത്ത അവസരത്തില്‍ പോലും ചൂതാട്ടം നടന്നിട്ടും പോലിസ് അനങ്ങിയില്ലെന്ന പരാതിയും ഉയര്‍ന്നിരുന്നു. ഇതടക്കമുള്ള വിഷയങ്ങളില്‍ വടകര പോലിസിനെതിരേ വ്യാപക ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് പോലിസ് രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം ചൂതാട്ടം ആംഡ് പോലിസിനെ ഉപയോഗിച്ച് തടയാനാണ് തീരുമാനം.
Next Story

RELATED STORIES

Share it