kasaragod local

ഉല്‍സവമായി പട്ടയമേള : കയ്യാര്‍ വില്ലേജില്‍ 69 കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കി



കാഞ്ഞങ്ങാട്: ഒരിക്കലും കിടപ്പാടത്തിന് പട്ടയം ലഭിക്കില്ലെന്ന വിചാരിച്ച ആയിരങ്ങള്‍ക്ക് പ്രതീക്ഷ നല്‍കിയാണ് സംസ്ഥാനതല പട്ടയമേളയുടെ ജില്ലാതല ഉദ്ഘാടത്തിന് കാഞ്ഞങ്ങാട് തുടക്കമായത്. പട്ടയമേളയില്‍ കൈവശഭൂമിക്ക് രേഖ നല്‍കിയതിന് പുറമെ ലാന്റ് ട്രൈബ്യൂണലില്‍ കേസുണ്ടായവര്‍ക്കും കോടതി ഉത്തരവ് പ്രകാരം ഭൂമി നല്‍കാന്‍ നിര്‍ദ്ദേശിച്ചവര്‍ക്കും മേളയില്‍പട്ടയം നല്‍കി. കൂടാതെ തെക്കില്‍ വില്ലേജില്‍ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് വാസയോഗ്യമല്ലാത്ത ഭൂമി നല്‍കിയ 93പേര്‍ക്ക് പാടി വില്ലേജില്‍ പുതുതായി ഭൂമി അനുവദിക്കുകയും ചെയ്തു. ഇന്നലെ രാവിലെ മുതല്‍ തന്നെ പട്ടയവിതരണം നടക്കുന്ന കാഞ്ഞങ്ങാട് നഗരസഭ ടൗണ്‍ഹാളും പരിസരവും ജനങ്ങളാല്‍ നിറഞ്ഞിരുന്നു. പട്ടയവിതരണത്തിന് മണിക്കൂറുകള്‍ മുമ്പുതന്നെ പന്തല്‍ നിറഞ്ഞ് കവിഞ്ഞു. കനത്ത ചൂട് വകവെയ്ക്കാതെയാണ് കൈകുഞ്ഞുങ്ങളുമായിവരെ ആളുകള്‍ എത്തിയത്.    അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭൂമി ലഭിക്കുന്നതിനുവേണ്ടി ഓരോ അപേക്ഷയും സൂക്ഷ്മമായി വിലയിരുത്തിയാണ് ബന്ധപ്പെട്ടവര്‍ക്ക് പട്ടയം അനുവദിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പ്രകാരം കുമ്പള ബംബ്രാണ വില്ലേജില്‍ നാല് വികലാംഗര്‍ ഉള്‍പ്പെടെയുള്ള 12 കുടുംബങ്ങള്‍ക്ക് ഭൂമി അനുവദിച്ചെങ്കിലും ഇതില്‍ പ്രവേശിക്കാനായില്ല. മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ട ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയത് എല്‍ഡിഎഫ് സര്‍ക്കാറാമെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഹൈക്കോടതി ഉത്തരവ് പ്രകാരം ഭൂമി ലഭിക്കേണ്ടിയിരുന്ന കയ്യാര്‍ വില്ലേജില്‍ 69 കുടുംബങ്ങള്‍ക്കും ഭൂമി ലഭ്യമാക്കി. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. പി കരുണാകരന്‍ എംപി മുഖ്യാതിഥിയായിരുന്നു. എംഎല്‍എമാരായ പി ബി അബ്ദുര്‍ റസാഖ്, എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍സംബന്ധിച്ചു
Next Story

RELATED STORIES

Share it