ഉല്‍സവത്തിനൊരുങ്ങി നിശാഗന്ധി

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രോല്‍സവത്തെ വരവേല്‍ക്കാന്‍ നിശാഗന്ധിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. ലോകോത്തര നിലവാരത്തിലുള്ള തുറന്ന വേദിയില്‍ ഇത്തവണ ഡെലിഗേറ്റുകള്‍ക്ക് സിനിമകള്‍ ആസ്വദിക്കാനാവും. 2500 പേര്‍ക്കുള്ള ഇരിപ്പിടങ്ങളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. ബാര്‍കോ ഇലക്ട്രോണിക്‌സിന്റെ നൂതനമായ ലേസര്‍ ഫോസ്ഫര്‍ ഡിജിറ്റല്‍ പ്രൊജക്റ്ററാണ് ഇത്തവണ പ്രദര്‍ശനത്തിന് ഉപയോഗിക്കുന്നത്. അതേ ഗുണനിലവാരമുള്ള പുതിയ സ്‌ക്രീനും ഉപയോഗിക്കും.
മേളയിലെ ജനപ്രിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനാണു നിശാഗന്ധി പ്രയോജനപ്പെടുത്തുക. ദിവസേന മൂന്നു പ്രദര്‍ശനം ഉണ്ടായിരിക്കും. മേളയുടെ ചരിത്രത്തിലാദ്യമായി അര്‍ധരാത്രിയില്‍ പ്രദര്‍ശിപ്പിക്കുന്ന ഇന്തോനീസ്യന്‍ ഹൊറര്‍ ചിത്രം സാത്താന്‍സ് സ്ലേവും നിശാഗന്ധി ഓഡിറ്റോറിയത്തിലാണ്. ചലച്ചിത്രോല്‍സവത്തിന്റെ ഉദ്ഘാടന-സമാപന ചടങ്ങുകള്‍ നടക്കുന്നതും നിശാഗന്ധിയിലാണ്.
അതേസമയം, ചലച്ചിത്രപ്രേമികളുടെ അഭ്യര്‍ഥന മാനിച്ച് പൊതുവിഭാഗത്തിനായി 1000 ഡെലിഗേറ്റ് പാസുകള്‍ കൂടി അനുവദിക്കാന്‍ സംസ്ഥാന ചലച്ചിത്ര അക്കാദമി തീരുമാനിച്ചു. ഇതിനായി 800 സീറ്റുള്ള ഒരു തിയേറ്റര്‍ കൂടി പ്രദര്‍ശനത്തിന് സജ്ജമാക്കിയിട്ടുണ്ട്. പൊതുവിഭാഗത്തിലുള്ളവര്‍ക്ക് ഡിസംബര്‍ 4ന് രാവിലെ 11 മുതല്‍ രജിസ്‌ട്രേഷന്‍ നടത്താം. 2700ലേറെ വരുന്ന അക്ഷയ ഇ-കേന്ദ്രങ്ങളിലും രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
ഈ വര്‍ഷം രജിസ്‌ട്രേഷന്റെ ആദ്യഘട്ടത്തില്‍ യൂസര്‍ അക്കൗണ്ട് തുറന്നവര്‍ക്ക് അതേ യൂസര്‍നെയിമും പാസ്‌വേഡും ഉപയോഗിച്ച് അപേക്ഷിക്കാം. ഓണ്‍ലൈന്‍ വഴിയും അക്ഷയ ഇ-കേന്ദ്രങ്ങള്‍ വഴിയും പണമടയ്ക്കാം. ഡെലിഗേറ്റ് ഫീ അടയ്ക്കുന്നതോടെ മാത്രമേ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാവുകയുള്ളൂ.
Next Story

RELATED STORIES

Share it