ഉല്‍സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു

പെരിന്തല്‍മണ്ണ: പുലാമന്തോള്‍ പാലൂര്‍ ആലഞ്ചേരി പൂരത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. പൂരപ്പറമ്പിലും പരിസരങ്ങളിലും നിര്‍ത്തിയിട്ട പതിനഞ്ചോളം വാഹനങ്ങള്‍ തകര്‍ത്തു. മൂന്നു മണിക്കൂര്‍ നേരം ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ ആനയെ വടം എറിഞ്ഞു വീഴ്ത്തി തളച്ചു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി കോട്ടുങ്ങല്‍ പിച്ചനാട്ട് വീട്ടില്‍ ഭാസ്‌കരന്റെ മകന്‍ അനില്‍കുമാറി(50)നെയാണ് തൃശൂര്‍ വടക്കുന്നാഥന്‍ ഗണപതി എന്ന കൊമ്പന്‍ കുത്തിക്കൊന്നത്. ഇന്നലെ പൂരാഘോഷത്തിന്റെ ഭാഗമായുള്ള എഴുന്നള്ളത്തിനായി മറ്റ് ആനകള്‍ക്കൊപ്പം നില്‍ക്കുകയായിരുന്ന വടക്കുന്നാഥന്‍ ഗണപതി ഇടയുകയായിരുന്നു. ആദ്യം ക്ഷേത്രപരിസരത്തും പിന്നീട് പുലാമന്തോള്‍ ടൗണിലും പരിഭ്രാന്തി സൃഷ്ടിച്ച ആന ക്ഷേത്രപരിസരത്ത് നിര്‍ത്തിയിട്ട കാര്‍, ഓട്ടോറിക്ഷ, ബൈക്ക് തുടങ്ങി പതിനഞ്ചോളം വാഹനങ്ങള്‍ തകര്‍ത്തു. വീടുകള്‍ക്കുനേരെയും ആക്രമണം നടത്തി. ഇതിനിടെ ആനയെ അനുനയിപ്പിച്ചു കെട്ടാന്‍ ശ്രമിക്കുന്നതിനിടെ പാപ്പാന്‍ അനില്‍കുമാറിനെ ഓടിച്ചിട്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ അനില്‍കുമാറിനെ പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ആന ഇടഞ്ഞതോടെ പുലാമന്തോള്‍, കുളത്തൂര്‍ റോഡുകളിലെ ഗതാഗതം പോലിസ് നിരോധിച്ചു. 11.30ന് ഇടഞ്ഞ ആനയെ വൈകീട്ട് മൂന്നു മണിയോടെ തൃശൂരില്‍നിന്നുള്ള എലിഫന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ വടം എറിഞ്ഞ് വീഴ്ത്തി തളയ്ക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പുലാമന്തോള്‍ സ്‌കൂളിലെ പരീക്ഷകള്‍ ഏറെനേരം തടസ്സപ്പെട്ടു. അനില്‍കുമാറിന്റെ സംസ്‌കാരം പിന്നീട് നടക്കും. ഭാര്യ: ഗീത. മക്കള്‍: അഭിജിത്ത്, അമൃത, അഞ്ജിത. മരുമകള്‍: ചിപ്പി.
Next Story

RELATED STORIES

Share it