Kottayam Local

ഉല്‍പ്പാദനം കുറഞ്ഞു; തേങ്ങാ വില റെക്കോഡിലേക്ക്

ഈരാറ്റുപേട്ട: ഉല്‍പ്പാദനം കുറഞ്ഞതോടെ തേങ്ങയുടെ വില റെക്കോഡിലേക്ക്. കാലാവസ്ഥാ വ്യതിയാനവും മഴയുടെ കുറവും ഉല്‍പ്പാദനത്തെ പ്രതികൂലമായി ബാധിച്ചതോടെയാണ് വിപണിയില്‍ തേങ്ങയുടെ ആവശ്യം വര്‍ധിച്ചുവന്നത്. തേങ്ങയുടെ വില ഉയര്‍ന്നതോടെ അനുബന്ധ ഉല്‍പ്പന്നങ്ങളായ വെളിച്ചെണ്ണയ്ക്കും കൊപ്രായ്്ക്കും വന്‍വിലയാണ് കമ്പോളത്തില്‍ അനുഭവപ്പെടുന്നത്. ഒരുകിലോ തേങ്ങായ്ക്ക് 60 രൂപയാണ് വിപണിവില. മുമ്പ് കേരഫെഡ് സംഭരണം നടത്തുമ്പോഴും കിലോയ്ക്ക്് 32 രൂപയില്‍ കൂടുതല്‍ വില ഉയര്‍ന്നിട്ടില്ല. വിലയിലുണ്ടായ കുതിച്ചുചാട്ടം കേരകര്‍ഷകര്‍ക്ക് സഹായകരമാണെങ്കിലും തേങ്ങയുടെ ഉല്‍പ്പാദനത്തിലുണ്ടായ ഇടിവുമൂലം അതിന്റെ ഗുണം കര്‍ഷകര്‍ക്കുു ലഭിക്കുന്നില്ല. തറവില നിശ്ചയിച്ചും പച്ചത്തേങ്ങ സംഭരിച്ചും നേരത്തെ വിലസ്ഥിരതയുണ്ടാക്കിയത് കര്‍ഷകര്‍ക്ക് ആശ്വാസമായിരുന്നു. എന്നാല്‍, തേങ്ങായ്ക്ക് വിലവര്‍ധനവ് ഉണ്ടായപ്പോഴാണ് ഉല്‍പ്പാദനക്കുറവ് തിരിച്ചടിയായത്. രാജ്യത്ത് ഏറ്റവുമധികം തേങ്ങ ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനമായി കേരളം മാറിയതിന് തൊട്ടുപിന്നാലെയാണ് ക്ഷാമകാലവുമെത്തിയത്. തമിഴ്‌നാട്ടിലും ഉല്‍പ്പാദനത്തില്‍ കുറവുണ്ടായതോടെ സംസ്ഥാനത്തിന്റെ പുറത്തുനിന്നുള്ള തേങ്ങവരവ് കുറഞ്ഞിരിക്കുകയാണ്. തമിഴ്‌നാട്ടിലെ പൊള്ളാച്ചി, കമ്പം, കങ്കയം എന്നിവിടങ്ങളില്‍നിന്നാണ് കൂടുതലായും തേങ്ങയും വെളിച്ചെണ്ണയും കേരളത്തിലേക്കെത്തുന്നത്. വിപണിയിലാവശ്യമായ വെളിച്ചെണ്ണയില്ലാത്തത് വ്യാജ വെളിച്ചെണ്ണയുടെ വരവിനും കാരണമായിട്ടുണ്ട്. ഗുണനിലവാര പരിശോധനകള്‍ കൃത്യമായി നടക്കാത്തതിനാല്‍ ഇത്തരം എണ്ണകള്‍ ആരോഗ്യത്തിന് ഹാനികരമാണ്.
Next Story

RELATED STORIES

Share it