ഉല്‍പാദന മേഖലയില്‍ തൊഴില്‍ വര്‍ധന; പുതിയ നയത്തിന് മന്ത്രിസഭാ അംഗീകാരം

ന്യൂഡല്‍ഹി: ഉല്‍പാദന മേഖലയില്‍ 2025ഓടെ 210 ലക്ഷത്തിലേറെ പുതിയ തൊഴിലുകള്‍ വിഭാവനം ചെയ്യുന്ന നയത്തിനു കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. നിലവിലുള്ള 2,30,000 കോടിയുടെ ഉല്‍പാദനം 7,50,000 കോടിയായി വര്‍ധിപ്പിക്കാന്‍ പര്യാപ്തമാവുന്നതിന് 2025 ആവുമ്പോഴേക്കും രാജ്യത്തെ സജ്ജമാക്കുകയാണു പുതിയ നയം ലക്ഷ്യമിടുന്നതെന്നു സര്‍ക്കാര്‍ വക്താവ് പറഞ്ഞു.
ഇതിലൂടെ ആഭ്യന്തര ഉല്‍പാദന മേഖലയില്‍ നിലവിലുള്ള 14 ലക്ഷം നേരിട്ടുള്ള തൊഴിലുകള്‍ 50 ലക്ഷമായി ഉയര്‍ത്തുവാനും പരോക്ഷ തൊഴിലുകള്‍ 70 ലക്ഷത്തില്‍ നിന്ന് 2.5 കോടിയായി വര്‍ധിപ്പിക്കാനും സാധിക്കും. മൊത്തത്തില്‍ 2025ഓടെ 210 ലക്ഷം പേര്‍ക്കു കൂടുതല്‍ തൊഴില്‍ നല്‍കാന്‍ സാധിക്കുമെന്നു വക്താവ് പറഞ്ഞു. ഇന്ത്യയുടെ ആഭ്യന്തര ഉല്‍പാദനം നിലവിലുള്ള 60 ശതമാനത്തില്‍ നിന്ന് 80 ശതമാനമായി ഉയര്‍ത്തുമെന്നും കയറ്റുമതി 27 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി വര്‍ധിപ്പിക്കുമെന്നും പുതിയ നയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹിന്ദുസ്ഥാന്‍ ഫെര്‍ട്ടിലൈസര്‍ കോര്‍പറേഷന്‍ ലിമിറ്റഡി (എച്ച്എഫ്‌സിഎല്‍)ന്റെ 9,079 കോടി വായ്പ എഴുതിത്തള്ളാനും കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. സമാധാനാവശ്യങ്ങള്‍ക്കായുള്ള സംയുക്ത ബഹിരാകാശ ഗവേഷണത്തില്‍ ഐഎസ്ആര്‍ഒയും യുഎഇയിലെ ബഹിരാകാശ ഏജന്‍സിയും തമ്മിലുണ്ടാക്കിയ ധാരണാപത്രം ഒപ്പുവയ്ക്കുന്നതിനും മന്ത്രിസഭായോഗം അനുമതി നല്‍കി.
Next Story

RELATED STORIES

Share it