Alappuzha local

ഉല്‍പന്ന വൈവിധ്യത്തിന്റെ നേര്‍ക്കാഴ്ചയുമായി കയര്‍ കേരള

ആലപ്പുഴ: ഓവര്‍കോട്ട്, കുട, ആഭരണങ്ങളും വരെ കയറുല്‍പ്പന്നങ്ങളായി കയര്‍ കേരളയിലെത്തുന്നവരുടെ മനം കവരുന്നു. ചൂട് ചെറുക്കാന്‍ മേല്‍ക്കൂരയില്‍ ഉപയോഗിക്കാവുന്ന കയര്‍ കവചവും മേളയിലുണ്ട്.
നൂതനമായ ഒട്ടേറെ ലൈഫ് സ്റ്റൈല്‍ ഉല്‍പന്നങ്ങളാണ് കയര്‍ കേരള 2016 ലെ ശ്രദ്ധാകേന്ദ്രം. കയര്‍ നാരുകളുടെ പരുപരുപ്പ് ഒഴിവാക്കി കോട്ടണ്‍ സംയോജിപ്പിച്ച കയര്‍കൊണ്ടുള്ള പ്രത്യേക ഓവര്‍കോട്ട് ആണ് ഏറ്റവും ശ്രദ്ധേയം.
നൂതന കയറുല്‍പന്നങ്ങള്‍ക്ക് വിപണി വ്യാപകമാക്കാനുള്ള മേള മാറിക്കഴിഞ്ഞതിന്റെ തെളിവാണ് ഇത്തവണത്തെ വര്‍ധിച്ച പങ്കാളിത്തവും പുതിയ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവുമെന്ന് കയര്‍, റവന്യു മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു.
ഈര്‍പ്പം തങ്ങിനില്‍ക്കുന്ന തരത്തില്‍ കയര്‍ കൊണ്ടുള്ള കവചം മേല്‍ക്കൂരകളില്‍ പതിപ്പിച്ച് തണുപ്പ് നിലനിര്‍ത്തുന്ന സാങ്കേതിക വിദ്യയായ റൂഫ് സര്‍ഫസ് കൂളിങ് സംവിധാനം കയര്‍ബോര്‍ഡ് മേളയിലെത്തിച്ചിട്ടുണ്ട്. മോട്ടോറിന്റെ സഹായത്തോടെ വെള്ളം തളിച്ചാണ് ഈര്‍പ്പം നിലനിര്‍ത്തുന്നത്. അതില്‍ നിന്ന് ഊര്‍ന്നിറങ്ങുന്ന വെള്ളം പ്രത്യേക ഓവിലൂടെ ശേഖരിച്ച് വീണ്ടും നനയ്ക്കാനായി ഉപയോഗിക്കുന്നു. പ്രകൃതിദത്തമായ ഇവയുടെ ഉപയോഗത്തിലൂടെ ശീതീകരണികള്‍ സ്ഥാപിക്കുന്നതിനുള്ള മുതല്‍മുടക്ക് ഒഴിവാനാവും.
മെത്തകള്‍, ചവട്ടി, തടുക്ക് തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് കയര്‍ഫെഡിന്റെ സ്റ്റാളിലേത്. ലിബിയ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ഈ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കയറ്റുമതിക്കാരുടെയും ആവശ്യക്കാരുടെയും സ്വകാര്യ ഉപഭോക്താക്കളുടെയും വര്‍ദ്ധിച്ച താത്പര്യം പരിഗണിച്ച് വിപുലമായ സൗകര്യങ്ങളാണ് ഇഎംഎസ് സ്റ്റേഡിയത്തിലെ പ്രദര്‍ശനനഗരിയില്‍ സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. രാജ്യാന്തര പ്രദര്‍ശനത്തിനായി ഒരുക്കിയിരിക്കുന്ന ഇന്റര്‍നാഷണല്‍ പവിലിയന്‍ പായ്ക്കപ്പലിന്റെ മാതൃകയിലാണ് നിര്‍മിച്ചിരിക്കുന്നത്. ഇവിടെ 125 സ്റ്റോളുകളുണ്ട്. ദേശീയ പവലിയനില്‍ 128 സ്റ്റാളുകളുണ്ട്.
Next Story

RELATED STORIES

Share it