ഉറ്റവരെയും കാത്ത് മൃതദേഹങ്ങള്‍ പൊന്നാനി മോര്‍ച്ചറിയില്‍

പൊന്നാനി: പൊന്നാനി താലൂക്കാശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഓഖി ദുരന്തത്തില്‍ മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ മാറ്റാന്‍ ഇനിയും നടപടിയായില്ല. ഓഖി ദുരന്തത്തിനുശേഷം പൊന്നാനി ഫിഷറീസ് വകുപ്പും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് കരക്കെത്തിക്കുകയും താലൂക്കാശുപത്രിയില്‍ സൂക്ഷിക്കുകയും ചെയ്ത മൃതദേഹങ്ങളാണ് ഇപ്പോഴും നടപടികളാവാതെ കിടക്കുന്നത്. അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന പൊന്നാനി താലൂക്കാശുപത്രിയിലെ മോര്‍ച്ചറിയില്‍ നിന്നു മൃതദേഹങ്ങള്‍ മാറ്റാത്തതുമൂലം നിരവധി പ്രയാസങ്ങളാണ് നേരിടേണ്ടിവരുന്നത്. ആകെ രണ്ട് ഫ്രീസറുകള്‍ മാത്രമാണ്  താലൂക്കാശുപത്രിയിലുള്ളത്. ഇതില്‍ ഒരാഴ്ചയിലേറെയായി മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിനാല്‍ മറ്റു മൃതദേഹങ്ങള്‍ വയ്ക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്. കഴിഞ്ഞദിവസം  ദേശീയപാതയിലുണ്ടായ അപകടത്തില്‍ മരണമടഞ്ഞവരുടെ മൃതദേഹം താലൂക്കാശുപത്രിയിലെ അസൗകര്യം മൂലം എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് സൂക്ഷിച്ചത്. പിന്നീട് രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു വേണ്ടി പൊന്നാനിയിലെത്തിക്കുകയായിരുന്നു. ഓഖി ദുരന്തത്തില്‍ മരണമടഞ്ഞവരെ തിരിച്ചറിയാനാവാത്തതാണ് പ്രയാസങ്ങള്‍ക്കിടയാക്കുന്നത്.  മൃതദേഹങ്ങളുടെയും ഡിഎന്‍എ ടെസ്റ്റ് നടത്തിയെങ്കിലും ഇതുവരെയും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. സാധാരണഗതിയില്‍ അജ്ഞാത മൃതദേഹങ്ങള്‍ കണ്ടുകിട്ടിയാല്‍ മൂന്നുദിവസം മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയും ബന്ധുക്കള്‍ എത്തിയില്ലെങ്കില്‍ മെഡിക്കല്‍ കോളജുകളിലേക്ക് മാറ്റുകയുമാണ് പതിവ്. എന്നാല്‍ പ്രകൃതിദുരന്തമായതിനാല്‍ ബന്ധുക്കളെ കണ്ടെത്തുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് അധികൃതര്‍. ഇതിനിടെ താലൂക്കാശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് തഹസില്‍ദാര്‍ക്ക് നിവേദനവും നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it