ഉറവിട മാലിന്യ നശീകരണ യജ്ഞത്തിന് ഇന്നു തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ മൂന്നു ദിവസത്തെ ഊര്‍ജിത ഉറവിട മാലിന്യ നശീകരണ യജ്ഞം. പ്രളയത്തിനു ശേഷം കേടുപാടു സംഭവിച്ചതും ഉപയോഗശൂന്യമായതുമായ ധാരാളം വസ്തുക്കള്‍ കെട്ടിടങ്ങളുടെയും വീടുകളുടെയും പരിസരത്ത് കൂട്ടിയിട്ടിരിക്കുന്നത് ഗുരുതരമായ മലിനീകരണപ്രശ്‌നം സൃഷ്ടിക്കുന്നതിനാലാണ് ആരോഗ്യ വകുപ്പ് ഉറവിട നശീകരണ യജ്ഞം നടത്തുന്നത്.
പാഴ്‌വസ്തുക്കളില്‍ വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാന്‍ സാധ്യതയുണ്ട്. ഇവ യഥാസമയം നീക്കിയില്ലെങ്കില്‍ കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, മലേറിയ, ചിക്കുന്‍ഗുനിയ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടാന്‍ ഇടയുണ്ട്. അതിനാല്‍ വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള ഖരമാലിന്യങ്ങള്‍ നീക്കം ചെയ്ത് കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കുന്നതിനായി ആരോഗ്യ വകുപ്പ് തദ്ദേശസ്വയംഭരണ വകുപ്പുകള്‍, ശുചിത്വ മിഷന്‍, ഹരിത കേരള മിഷന്‍ എന്നീ വകുപ്പുകളുമായി ചേര്‍ന്ന് സംസ്ഥാനമൊട്ടാകെ മൂന്നു ദിവസത്തെ ഊര്‍ജിത ഉറവിട നശീകരണ യജ്ഞം നടപ്പാക്കും.
ഇന്ന് സ്‌കൂള്‍, കോളജ്, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ എന്‍സിസി സ്‌കൗട്ട് ആന്റ് ഗൈഡ് ഏജന്‍സികളുമായി ചേര്‍ന്നു ശുചീകരണ പ്രവര്‍ത്തനവും ഉറവിട നശീകരണവും നടത്തും. നാളെ പൊതുമേഖല, സ്വകാര്യ മേഖല ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍, കച്ചവട സ്ഥാപനങ്ങള്‍, നിര്‍മാണ മേഖല, അതിഥി തൊഴിലാളി വാസസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനവും ഉറവിട നശീകരണവും നടത്തും.
16ന് എല്ലാ വീടുകളിലും മാര്‍ക്കറ്റുകള്‍, നിരത്തുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളിലും ശുചീകരണ പ്രവര്‍ത്തനവും ഉറവിട നശീകരണവും നടത്തും. അതത് ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റ് ജീവനക്കാരും മെഡിക്കല്‍ ഓഫിസര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും മറ്റ് വകുപ്പുകളിലെ ജീവനക്കാരും ചേര്‍ന്നു നടത്തുന്ന ഈ യജ്ഞത്തില്‍ എല്ലാ പൊതുജനങ്ങളുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും ആരോഗ്യ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ അഭ്യര്‍ഥിച്ചു.

Next Story

RELATED STORIES

Share it