wayanad local

ഉറപ്പുകള്‍ പാഴായി;  ജില്ലാ സ്‌റ്റേഡിയം യാഥാര്‍ഥ്യമായില്ല; പ്രദേശം കാടുമൂടിയ നിലയില്‍

കല്‍പ്പറ്റ: കായികമേഖലയില്‍ വയനാടന്‍ കുതിപ്പിന് വേഗം കൂട്ടാനായി വിഭാവനം ചെയ്ത സ്‌റ്റേഡിയത്തിന് അവഗണന. ജില്ലാ സ്‌റ്റേഡിയമെന്ന കായികപ്രേമികളുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടിയെടുത്തില്ല.
കാല്‍നൂറ്റാണ്ട് മുമ്പ് തുടക്കമിട്ട പദ്ധതി ഇപ്പോഴും പാതിവഴിയിലാണ്. മുണ്ടേരി മരവയലില്‍ തുടങ്ങാനുദ്ദേശിച്ച സ്‌റ്റേഡിയത്തില്‍ സ്‌റ്റേഡിയം പോയിട്ട് നൂറ് മീറ്റര്‍ ട്രാക്കു പോലും വന്നില്ല. എട്ടേക്കര്‍ ഭൂമി കാടുമൂടിക്കിടക്കുകയാണ്. കാലികള്‍ക്ക് മേയാനും സാമൂഹികവിരുദ്ധരുടെ വിളനിലമായും ഈ സ്ഥലം മാറി. കായികമേഖലയില്‍ ജില്ലയുടെ കുതിപ്പ് ലക്ഷ്യമിട്ടാണ് സ്‌റ്റേഡിയം എന്ന ആശയം കൊണ്ടുവന്നത്.
പരിശീലനത്തിനുള്ള സൗകര്യങ്ങളില്ലാതെ ആദിവാസി വിഭാഗത്തിലടക്കമുള്ള കായികതാരങ്ങളുടെ കഴിവുകള്‍ തുടക്കത്തിലേ കരിയുന്നത് ഒഴിവാക്കി നേട്ടങ്ങള്‍ കൊയ്യുകയായിരുന്നു ലക്ഷ്യം.
സ്ഥലം ലഭ്യമായെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ ഉണ്ടായില്ല. കായികപ്രേമികളുടെ ദീര്‍ഘകാലത്തെ മുറവിളിക്കു ശേഷം 2009-2010 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ സ്‌റ്റേഡിയം നിര്‍മാണത്തിന് 3.90 കോടി രൂപ വകയിരുത്തി.
പോലിസ് ഹൗസിങ് ആന്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനെ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിര്‍മാണച്ചുമതല ഏല്‍പ്പിച്ചു. ഗ്രൗണ്ട് നിരപ്പാക്കുന്നതിനുള്ള പ്രാഥമിക പ്രവൃത്തികള്‍ തുടങ്ങിവച്ച് കോര്‍പറേഷന്‍ പണി അവസാനിപ്പിച്ചു. അഡ്വാന്‍സ് തുക കൈപ്പറ്റിയ ശേഷമാണ് കോര്‍പറേഷന്‍ പ്രവൃത്തി ഉപേക്ഷിച്ചത്.
പിന്നീട് സ്‌റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട ഒരു നടപടികളും ഇതുവരെ ഉണ്ടായില്ല. കല്‍പ്പറ്റ നഗരത്തില്‍നിന്നു മൂന്നു കിലോമീറ്റര്‍ അകലെയുള്ള നിര്‍ദ്ദിഷ്ട സ്‌റ്റേഡിയം ഭൂമി കാടുമൂടിക്കിടക്കുകയാണ്.
പരീശീലനത്തിന് നല്ല ഗ്രൗണ്ട് പോലുമില്ലാതെ ജില്ലയിലെ കായികതാരങ്ങള്‍ വലയുമ്പോഴാണ് ജില്ലാ സ്‌റ്റേഡിയത്തിന് ഈ ദുര്‍ഗതി.
Next Story

RELATED STORIES

Share it