wayanad local

ഉറക്കംകെടുത്തി വന്യമൃഗങ്ങള്‍; ഉറക്കമുണരാതെ വനംവകുപ്പ്

കല്‍പ്പറ്റ: രണ്ടു സംസ്ഥാനങ്ങളുമായി വനാതിര്‍ത്തി പങ്കിടുന്ന ജില്ലയില്‍ വന്യമൃഗങ്ങള്‍ പൊതുജനത്തിന്റെ ഉറക്കംകെടുത്തുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പലപ്പോഴായി നിരവധി വന്യമൃഗങ്ങളുടെ ആക്രമണങ്ങളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്.
എന്നാല്‍, വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലെത്തുന്നതു തടയാന്‍ ഇതുവരെ വനംവകുപ്പ് കാര്യമായ നടപടികളെടുത്തിട്ടില്ല. വന്യമൃഗങ്ങളുടെ ആക്രമണമുണ്ടാവുമ്പോള്‍ സ്ഥലത്തെത്തി നഷ്ടം വിലയിരുത്തി നഷ്ടപരിഹാരത്തുക വിതരണം ചെയ്യുക മാത്രമാണ് നിലവില്‍ വനംവകുപ്പ് ചെയ്യുന്നത്. അവസാനമായി കഴിഞ്ഞ ദിവസം മേപ്പാടി പഞ്ചായത്തിലെ 13ാം വാര്‍ഡ് ചുളിക്കയില്‍ എസ്റ്റേറ്റ് തൊഴിലാളി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് അധികൃതരെത്തി മൃതദേഹം നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ അനുവദിച്ചില്ല. മരിച്ച മണിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ നഷ്ടപരിഹാരം നല്‍കാമെന്ന എംഎല്‍എ അടക്കമുള്ളവരുടെ ഉറപ്പ് ലഭിച്ചതോടെയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാന്‍ ജനങ്ങള്‍ അനുവദിച്ചത്.
ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭ, തിരുനെല്ലി, മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി, മേപ്പാടി, പൂതാടി, പൊഴുതന, വൈത്തിരി, തവിഞ്ഞാല്‍ പഞ്ചായത്തുകളിലാണ് വന്യമൃഗശല്യം രൂക്ഷമായിട്ടുള്ളത്. ഇതില്‍ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി തുടങ്ങി ഏതാനും മേഖലകളില്‍ കല്‍മതില്‍, ഫെന്‍സിങ്, ട്രഞ്ച് തുടങ്ങിയ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ യഥേഷ്ടം ജനവാസകേന്ദ്രങ്ങളിലെത്തുകയാണ്. മറ്റിടങ്ങളില്‍ വന്യമൃഗങ്ങളെ പ്രതിരോധിക്കാന്‍ യാതൊന്നും ചെയ്തിട്ടുമില്ല.
നിത്യേന കാട്ടാനകളെത്തുന്ന നിരവധി പ്രദേശങ്ങളാണ് ജില്ലയിലുള്ളത്. മേപ്പാടി പഞ്ചായത്തിലെ തോട്ടംമേഖലകളായ അട്ടമല, ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളില്‍ ജനവാസകേന്ദ്രങ്ങളില്‍ കാട്ടാനകളെത്തുന്നതു പതിവാണ്. എന്നാല്‍, ഇവിടങ്ങളില്‍ മൃഗങ്ങള്‍ കാടിറങ്ങാതിരിക്കാന്‍ വനംവകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. നിലവില്‍ വകുപ്പിന്റെ കീഴിലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളുടെ നടത്തിപ്പ് മാത്രമാണ് വനംവകുപ്പ് ചെയ്യുന്നതെന്ന ആക്ഷേപവുമുണ്ട്. ഈ വേനലില്‍ ജില്ലയില്‍ മാത്രം ഹെക്റ്റര്‍ കണക്കിന് വനഭൂമിയാണ് കാട്ടുതീ വിഴുങ്ങിയത്. കാട്ടുതീ വ്യാപനം തടയാന്‍ ഫയര്‍ലൈന്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാതെ ചെറിയ രീതിയിലുള്ള ബോധവല്‍ക്കരണ പരിപാടികള്‍ മാത്രമാണ് വകുപ്പ് സംഘടിപ്പിച്ചത്.
സമീപ സംസ്ഥാനമായ തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ ഈയടുത്തായി ഒമ്പതു പേരാണ് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വയനാട്ടില്‍ പലയിടങ്ങളിലും കാട്ടാനയടക്കമുള്ള വന്യമൃഗങ്ങള്‍ എത്താറുണ്ടെങ്കിലും വനംവകുപ്പ് വിവരമറിയാറില്ല. ജനവാസകേന്ദ്രങ്ങളിലെത്തുന്ന വന്യമൃഗങ്ങള്‍ വ്യാപകമായ കൃഷിനാശമാണ് വരുത്തുന്നത്.
Next Story

RELATED STORIES

Share it