ഉര്‍ദു ഭാഷാ പഠനകേന്ദ്രങ്ങളെ നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

ന്യൂഡല്‍ഹി: രാജ്യത്തെ അംഗീകൃത ഉര്‍ദു ഭാഷാ പഠനകേന്ദ്രങ്ങളെ നിരീക്ഷണത്തിനു കീഴില്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്‍ കീഴില്‍ വരുന്ന ദേശീയ ഉര്‍ദു ഭാഷാ കൗണ്‍സിലിനെ ഉപയോഗിച്ചാണ് രാജ്യത്തെ നൂറു കണക്കിന് മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിരീക്ഷണ വിധേയമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. രാജ്യത്തെ ഉര്‍ദു ഭാഷാ പഠനവുമായി ബന്ധപ്പെട്ട ഒരു പ്രധാന സര്‍ക്കാര്‍ സ്ഥാപനമായ ദേശീയ ഉര്‍ദു ഭാഷാ പ്രമോഷന്‍ കൗണ്‍സിലിനെയാണ് ഇതിനായി ഉപയോഗിക്കുന്നത്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനു കീഴില്‍വരുന്ന ഇതിന്റെ ചെയര്‍പേഴ്‌സണ്‍ മന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രി സ്മൃതി ഇറാനിയാണ്.
ഉര്‍ദു ഭാഷയില്‍ വിവിധ കേന്ദ്രങ്ങള്‍ വഴി കൗണ്‍സില്‍ നല്‍കുന്ന ഡിപ്ലോമ കോഴ്‌സിന് 22 സംസ്ഥാനങ്ങളിലെ 234 ജില്ലകളില്‍ പഠന കേന്ദ്രങ്ങളുണ്ട്. ഇതുകൂടാതെ വിവിധ കേന്ദ്രങ്ങളില്‍ അറബി, പേര്‍ഷ്യന്‍, ഗ്രാഫിക് ഡിസൈനിങ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബിസിനസ് അക്കൗണ്ടിങ്, ഡിടിപി എന്നിവയിലും സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകളും നല്‍കുന്നുണ്ട്. ഈ കോഴ്‌സുകള്‍ രാജ്യത്തെ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നടത്തിവരുന്നത് കൂടുതലും മദ്‌റസകളോ അതല്ലെങ്കില്‍ മുസ്‌ലിം മാനേജ്‌മെന്റ് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളോ ആണ്. ഇതില്‍ ഉര്‍ദു, പേര്‍ഷ്യന്‍, അറബി പഠന കേന്ദ്രങ്ങളുടെ ഇന്‍-ചാര്‍ജുമാര്‍ക്ക് കഴിഞ്ഞ മാസം 15ന് കൗണ്‍സില്‍ അയച്ച നോട്ടീസാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ടാസ്‌ക് ഫോഴ്‌സ് നിര്‍ദേശിച്ചതും സുരക്ഷയുമായി ബന്ധപ്പെട്ട മന്ത്രിസഭാ കമ്മിറ്റി അംഗീകരിച്ചതുമായ ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് കൗണ്‍സില്‍ തങ്ങളുടെ കോഴ്‌സുകള്‍ നടത്തുന്ന കേന്ദ്രങ്ങള്‍ക്കു കത്തയച്ചിരിക്കുന്നത്. ഉല്‍പതിഷ്ണുക്കളായിട്ടുള്ളവരെ തിരിച്ചറിയാനും നേരിടാനും ഇന്‍ലിജന്‍സ് ബ്യൂറോയെ സര്‍ക്കാര്‍, സര്‍ക്കാരിതര സംവിധാനങ്ങളിലൂടെ സഹായിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമെന്ന നിലയ്ക്കാണ് ഇത്.
രഹസ്യാന്വേഷണ ഏജന്‍സികളുടെയും സംസ്ഥാന പോലിസ് വകുപ്പുകളുടെയും വിവര കൈമാറ്റങ്ങള്‍ക്കു പുറമെ, മാനവ വിഭവശേഷി മന്ത്രാലയം, ന്യൂനപക്ഷ മന്ത്രാലയം എന്നിവയും സഹകരിക്കണമെന്ന് കത്തു പറയുന്നു. ഈ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുക ആഭ്യന്തര മന്ത്രാലയമായിരിക്കും. ഇതു സംബന്ധിച്ച് അതത് പഠനകേന്ദ്രങ്ങള്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്നു വ്യക്തമാക്കുന്ന റിപോര്‍ട്ട് തയ്യാറാക്കി മറുപടി അയക്കാനും ആവശ്യപ്പെടുന്നുണ്ട്.
എന്നാല്‍, എന്തൊക്കെ നടപടികളാണ് കേന്ദ്രങ്ങള്‍ കൈക്കൊള്ളേണ്ടതെന്ന് കത്തു വ്യക്തമാക്കുന്നില്ല. കൗണ്‍സിലിന്റെ ഭാഗമായ ഫങ്ഷണല്‍ അറബിക് കേന്ദ്രങ്ങളുടെ ചുമതലയുള്ള കലീമുല്ലയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചാണ് കൗണ്‍സില്‍ പഠനകേന്ദ്രങ്ങള്‍ക്ക് നോട്ടീസ് അയച്ചതെന്ന് കലീമുല്ല ഇതുസംബന്ധിച്ചു പ്രതികരിച്ചു.
ആദ്യം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് രേഖാമൂലമുള്ള നിര്‍ദേശം കൗണ്‍സിലിനു ലഭിച്ചെന്നും പിന്നീട് കൗണ്‍സില്‍ അതിനു കീഴിലുള്ള വ്യത്യസ്ത ഉപ വകുപ്പുകള്‍ക്ക് സര്‍ക്കുലര്‍ അയച്ചെന്നും ഇതേത്തുടര്‍ന്നാണ് നോട്ടീസ് അയച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് വകുപ്പുകള്‍ എന്തു നടപടി സ്വീകരിച്ചെന്ന് തനിക്ക് അറിയില്ലെന്നും കലീമുല്ല പറഞ്ഞു.
എന്നാല്‍, കൗണ്‍സിലിന്റെ വിചിത്രമായ നോട്ടീസിനെതിരേ ചില പഠനകേന്ദ്രങ്ങള്‍ തങ്ങളുടെ എതിര്‍പ്പു വ്യക്തമാക്കി. വിദൂര വിദ്യാഭ്യാസ മേഖലയില്‍ പുതിയ സാധ്യതകള്‍ തരുമെന്നു കണ്ടാണ് തങ്ങള്‍ കൗണ്‍സിലിന്റെ കോഴ്‌സുകള്‍ പഠിപ്പിക്കാന്‍ തീരുമാനിച്ചതെന്നും എന്നാല്‍, ഇപ്പോളിത് ഒരു ഭീകരവിരുദ്ധ ഏജന്‍സിയായി മാറുകയാണെന്നും ഹൈദരാബാദിലുള്ള ഒരു കേന്ദ്രം അഭിപ്രായപ്പെട്ടു.
നോട്ടീസിലുള്ള നിര്‍ദേശങ്ങള്‍ അനുസരിക്കുന്നതിനു പകരം കൗണ്‍സിലുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കുകയെന്നും ഇതുമായി ബന്ധപ്പെട്ട് മറ്റ് കേന്ദ്രങ്ങളെയും സമീപിക്കുമെന്നും പഠനകേന്ദ്രത്തിന്റെ പേരു വെളിപ്പെടുത്താന്‍ തയ്യാറാവാത്ത ഒരു പ്രതിനിധി പറഞ്ഞു.
Next Story

RELATED STORIES

Share it