ഉര്‍ദു അധ്യാപക നിയമനം യോഗി സര്‍ക്കാര്‍ നിര്‍ത്തലാക്കി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഉര്‍ദു അധ്യാപക തസ്തികയില്‍ നിയമനം നടത്തുന്നതു നിര്‍ത്തി വച്ചു. കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ച നിയമനങ്ങള്‍ വരെ യോഗി സര്‍ക്കാര്‍ തടഞ്ഞുവച്ചു. കഴിഞ്ഞ വര്‍ഷം ഭരണത്തിലേറിയതു മുതല്‍ ഇതുവരെയും ഒരൊറ്റ ഉര്‍ദു അധ്യാപക തസ്തികയിലും സംസ്ഥാന സര്‍ക്കാര്‍ നിയമനം നടത്തിയിട്ടില്ല.
2016 ഡിസംബര്‍ 15ന് 16,460 അധ്യാപക തസ്തികകളില്‍ നിയമനം നടത്താന്‍ കഴിഞ്ഞ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള എസ്പി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതില്‍ 4,000 തസ്തികകള്‍ ഉര്‍ദു അധ്യാപകരായിരുന്നു. ഇതുപ്രകാരം അതേവര്‍ഷം ഡിസംബര്‍ 23ന് ഉര്‍ദു അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
മാര്‍ച്ചില്‍ നിയമനത്തിനായുള്ള കൗണ്‍സലിങും തീരുമാനിച്ചു. ഈയിടയ്ക്കാണ് സംസ്ഥാനത്തു ഭരണമാറ്റം ഉണ്ടായത്. ഇതോടെ നിയമന കാര്യത്തില്‍ യാതൊരു പുരോഗതിയുമുണ്ടായില്ല. പിന്നാലെ ഇനി ഉര്‍ദു അധ്യാപകരെ ആവശ്യമില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയുമായിരുന്നു.
സംസ്ഥാനത്ത് ഇനി ഉര്‍ദു അധ്യാപകരെ ആവശ്യമില്ലെന്നും തസ്തികകളിലെല്ലാം നിയമനം നടത്തിയിട്ടുണ്ടെന്നും അടിസ്ഥാന വിദ്യാഭ്യാസ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പ്രഭാത് കുമാര്‍ പറഞ്ഞു.
സര്‍ക്കാരിന്റെ നടപടി ഉര്‍ദു ഭാഷയെയും ഉര്‍ദു അധ്യാപകരെയും പ്രതികൂലമായി ബാധിക്കുമെന്നു ലഖ്‌നോ ഈദ്ഹാഗ് ഇമാം മൗലാനാ ഖാലിദ് ശീദ് ഫറംഗി മഹലി പറഞ്ഞു. ഉര്‍ദുവെന്നത് ഇന്ത്യയിലെ പ്രധാന ഭാഷകളിലൊന്നാണെന്നും അതിനെ കേവലം ഒരു മതവിഭാഗത്തിന്റെ ഭാഷ മാത്രമായി കാണരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it