kannur local

ഉരുവച്ചാലിലെ ടാക്‌സി സ്റ്റാന്റ് നോക്കുകുത്തിയാവുന്നു

ഉരുവച്ചാല്‍: സ്റ്റാന്റ് ഉണ്ടായിട്ടും ടാക്‌സി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് റോഡരികില്‍. ഉരുവച്ചാലിലാണ് ഈ കാഴ്ച. ടാക്‌സി സ്റ്റാന്റ് അനുവദിക്കണമെന്ന ടാക്‌സി ഡ്രൈവര്‍മാരുടെയും നാട്ടുകാരുടെയും നിരന്തരമായ ആവശ്യപ്രകാരമാണ് നഗരസഭ ടാക്‌സി സ്റ്റാന്റിനു വേണ്ടി സ്ഥലം കണ്ടെത്തി ടൗണിനോട് ചേര്‍ന്ന സ്ഥലത്ത് 2015ല്‍ പണി പൂര്‍ത്തികരിച്ച് തുറന്നു കൊടുത്തത്.
എന്നാല്‍ ടാക്‌സികളൊന്നും ഇപ്പോള്‍ ഇവിടെ പാര്‍ക്ക് ചെയ്യുന്നില്ല. തലശ്ശേരി-മട്ടന്നൂര്‍ റോഡിന്റെ ഇരുഭാഗത്തുമാണ് ഓട്ടോറിക്ഷകളടക്കമുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. റോഡില്‍ പാര്‍ക്ക് ചെയ്യുന്നതു കാരണം പലപ്പോഴും റോഡില്‍ ഗതാഗതക്കുരുക്ക് ഉണ്ടാവുന്നതും പതിവാണ്.
ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയിലെ ടാക്‌സി വാഹന പാര്‍ക്കിങും ഡ്രൈവര്‍മാരുടെ ജീവനു ഭീഷണിയാണ്. വാഹനാപകടങ്ങള്‍ പതിവായ ഉരുവച്ചാലില്‍ അനധികൃതമായി നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ ഗതാഗത തടസ്സം ഉണ്ടാക്കുന്നുണ്ട്. ടാക്‌സി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നില്ലെങ്കില്‍ സ്വകാര്യ വാഹനങ്ങള്‍ റോഡരികില്‍ നി ര്‍ത്തിയിടുന്നത് ഒഴിവാക്കി ടാക്‌സി സ്റ്റാന്റിലേക്ക് നിര്‍ത്തിയിടാനുള്ള സൗകര്യം ഒരുക്കിയാല്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കഴിയുമെന്ന് നാട്ടുകാര്‍ പറയുന്നു. ലക്ഷങ്ങള്‍ ചെലവിട്ട് ഇന്റര്‍ലോക്ക് ചെയ്താണ് ഉരുവച്ചാലിലെ ടാക്‌സി സ്റ്റാന്റ് തുറന്നുകൊടുത്തത്. ടാക്‌സി വാഹനങ്ങള്‍ നിര്‍ത്തിയിടാനോ സ്വകാര്യ വാഹനം പാര്‍ക്ക് ചെയ്യാനോ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
Next Story

RELATED STORIES

Share it