ഉരുള്‍ പൊട്ടല്‍ആശ്വാസവുമായി പോപുലര്‍ ഫ്രണ്ട് നേതാക്കള്‍

താമരശ്ശേരി: ഉരുള്‍പൊട്ടല്‍ ദുരന്ത ഭൂമിയില്‍ ആശ്വാസവുമായി പോപുലര്‍ ഫ്രണ്ട് നേതാക്കള്‍. ദേശീയ ചെയര്‍മാന്‍ ഇ അബൂബക്കര്‍, സംസ്ഥാന അധ്യക്ഷന്‍ നാസറുദ്ദീന്‍ എളമരം എന്നിവരുടെ നേതൃത്വത്തിലുള്ള നേതാക്കളാണ് ദുരന്തഭൂമിയിലും ക്യാംപുകളിലും എത്തിയത്. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളെ സന്ദര്‍ശിച്ച നേതാക്കള്‍ അനുശോചനമറിയിച്ചു. ദുരന്തഭൂമിയില്‍ കാരാട്ട് റസാഖ് എംഎല്‍എയുമായും താമരശ്ശേരി തഹസില്‍ദാരുമായും നേതാക്കള്‍ ചര്‍ച്ചനടത്തി. ഇതിനു ശേഷം വെട്ടിഒഴിഞ്ഞതോട്ടം സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിക്കുകയും സംഘടനയുടെ സഹായ വാഗ്ദാനം നല്‍കുകയും ചെയ്തു. ദുരന്തത്തില്‍ മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും സര്‍വസ്വവും നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുകയും അവ എത്രയും വേഗം നടപ്പാക്കുകയും ചെയ്യണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചത് അഭിനന്ദനാര്‍ഹമാണ്. മുന്‍കാല ദുരന്തങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് നല്‍കിയതുപോലെ ഇവിടെയുള്ളവര്‍ക്ക് വാഗ്ദാനങ്ങള്‍ മാത്രം നല്‍കിപ്പോവുന്നത് അവസാനിപ്പിച്ചു പൂര്‍ണതോതിലുള്ള പുനരധിവാസവും ബദല്‍ സംവിധാനവും നടപ്പാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി നിസാര്‍ അഹമ്മദ്, ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം പ്രസിഡന്റ് വി എം നാസര്‍, ഡിവിഷന്‍ പ്രസിഡന്റ് ഹമീദലി കോളിക്കല്‍, സെക്രട്ടറി എം ടി അബുഹാജി, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി സലീം കാരാടി, എം കെ ഷറഫുദ്ദീന്‍ എന്നിവരും നേതാക്കന്‍മാര്‍ക്കൊപ്പം എത്തി.
Next Story

RELATED STORIES

Share it