Pathanamthitta local

ഉരുള്‍പൊട്ടല്‍: റോഡുകള്‍ മുങ്ങി; ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു

കോന്നി: വകയാറിന് സമീപം അരുവാപ്പുലം പഞ്ചായത്തിലെ മുതുപേഴുങ്കല്‍ മുറ്റാക്കുഴി, താന്നിമൂട്, ഊട്ടുപാറ ചെളിക്കുഴി ഭാഗങ്ങളില്‍ ഉരുള്‍പൊട്ടല്‍. രണ്ടുവീടുകള്‍ തകര്‍ന്നു. ആളപായമില്ല. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പുനലൂര്‍- മൂവാറ്റുപുഴ റോഡില്‍ വെള്ളം കയറിയതോടെ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ബന്ധവും തകരാറിലായി. ഇന്നലെ വൈകീട്ട് മൂന്നുമണിയോടെ ആരംഭിച്ച ശക്തമായ മഴയെ തുടര്‍ന്നായിരുന്നു ഉരുള്‍ പൊട്ടല്‍ ഉണ്ടായത്.
ഊട്ടുപാറ ഗാലക്‌സി പാറമടയ്ക്കു സമീപമാണ് ഉരുള്‍ പൊട്ടിയത്. കല്ലേലി ചെളിക്കുഴി റോഡ്, അരുവാപ്പുലം- വകയാര്‍ റോഡ്, പടപ്പക്കല്‍ പ്രദേശങ്ങളിലും വെള്ളം കയറി. റോഡിലൂടെയുള്ള ശക്തമായ വെള്ളപ്പാച്ചിലില്‍ താന്നിമൂട് ഭാഗത്ത് കാര്‍ ഒഴുകിയെത്തി സ്വകാര്യ ബസില്‍ ഇടിച്ചു. വൈകീട്ട് ആറുമണിവരെ ഗതാഗതം തടസപ്പെട്ടു. ഇടറോഡുകളിലൂടെ ഒഴുകിയെത്തിയ വെള്ളം സംസ്ഥാനപാതയിലേക്ക് ഇരച്ചുകയറി. ഇതോടെ തിരുവനന്തപുരം, കൊല്ലം ബസില്‍ യാത്ര ചെയ്തിരുന്നവര്‍ വഴിയില്‍ അകപ്പെട്ടു. പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണു. സംഭവത്തെ തുടര്‍ന്ന് കോന്നി, പത്തനംതിട്ട ഫയര്‍ഫോഴ്‌സ് യൂനിറ്റുകളും കോന്നിയില്‍ നിന്ന് പോലിസും സ്ഥലത്ത് എത്തിയിരുന്നു.
കൂടലിലും ഉരുള്‍ പൊട്ടിയതായി അഭ്യൂഹമുണ്ട്. വകയാര്‍ കോട്ടയംമുക്ക്, മുറിഞ്ഞകല്‍ തുടങ്ങിയ പ്രദേശങ്ങള്‍ മുതല്‍ കൂടല്‍ വരെ പുനലൂര്‍- മൂവാറ്റുപുഴ റോഡിന്റെ വിവിധ ഇടങ്ങളില്‍ വെള്ളം കയറി. സ്‌കൂള്‍ ബസുകളും കെഎസ്ആര്‍ടിസിയും ഉള്‍പ്പടെ നൂറുകണക്കിന് വാഹനങ്ങളാണ് വഴിയില്‍ അകപ്പെട്ടത്.
റോഡിന് ഇരുവശവുമുള്ള കടകളിലും വീടുകളിലും വെള്ളം കയറി. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ പലസ്ഥലങ്ങളിലും വെള്ളത്തിനടിയിലായി. എഞ്ചിനില്‍ വെള്ളം കയറി നിരവധി വാഹനങ്ങളും തകരാറിലായി.
കോട്ടയം മുക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അനുബന്ധ റോഡുകള്‍ വഴി ചെറിയ വാഹനങ്ങള്‍ പോവാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വന്‍തോതില്‍ കല്ലും മണ്ണും വന്നടിഞ്ഞതോടെ റോഡ് ചെളിക്കുണ്ടായിട്ടുണ്ട്.
റോഡിന് ഇരുവശത്തുമുള്ള ചെറിയ തോടുകള്‍ കൂടി നിറഞ്ഞ് കവിഞ്ഞതോടെ പുനലൂര്‍- മൂവാറ്റുപുഴ പാതയിലെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. വൈകീട്ട് ജോലികഴിഞ്ഞ് വീട്ടിലേക്ക് പോയവരും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ളവരായിരുന്നു യാത്രക്കാരില്‍ അധികവും.
ശക്തമായി മണിക്കൂറുകളോളം പെയ്ത ഗതാഗതം നിയന്ത്രിക്കുന്നതിനെ ബാധിച്ചു. കിലോമീറ്ററുകള്‍ ദൂരത്തിലാണ് ചെറുതും വലുതുമായ വാഹനങ്ങള്‍ വഴിയില്‍ കിടന്നത്. റോഡിന്നിരുവശമുള്ള ഓടകള്‍ മണ്ണുകയറി അടഞ്ഞിട്ടും വൃത്തിയാക്കാത്തത് വെള്ളകെട്ട് വര്‍ധിപ്പിക്കുന്നുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

Next Story

RELATED STORIES

Share it