kannur local

ഉരുള്‍പൊട്ടല്‍: കുടകിലേക്ക് വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീട്ടി

ഇരിട്ടി: ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ദുരന്തത്തിലാക്കിയ കുടകിലേക്ക് വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീട്ടി. സപ്തംബര്‍ 13 വരെയാണ് വിലക്കേര്‍പെടുത്തിയത്. നേരത്തേ ആഗസ്ത് 31 വരെ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാവുന്ന നിലയിലേക്ക് കുടകിന്റെ പശ്ചാത്തലമേഖലയുടെ വീണ്ടെടുപ്പ് പൂര്‍ത്തിയായില്ല. ടൂറിസം മേഖലകളിലേക്കടക്കമുള്ള റോഡുകള്‍ മണ്ണും മരങ്ങളും നീക്കി അത്യാവശ്യ ഗതാഗതം പുനസ്ഥപിക്കാനായി. വലിയ വാഹനങ്ങള്‍ സര്‍വീസ് നടത്താറായില്ല. ആഗസ്ത് രണ്ടാംവാരം കേരളം നേരിട്ട കെടുതിക്കൊപ്പം കുടകിലും കനത്ത പ്രളയദുരന്തങ്ങളും ഉരുള്‍പൊട്ടല്‍ പരമ്പരകളും മണ്ണിടിച്ചിലുമുണ്ടായി. മണ്ണിടിച്ചിലില്‍ അടക്കം മരിച്ച 17 പേരുടെ മൃതദേഹങ്ങള്‍ സൈനികര്‍ അടക്കമുള്ള സേനകളുടെ തിരച്ചിലിലാണു കണ്ടെത്തിയത്. ഇനിയും അഞ്ച് പേരെയെങ്കിലും കണ്ടെത്താനുണ്ടെന്നാണ് നിഗമനം. ജില്ലാ ആസ്ഥാനമായ മടിക്കേരിയിലാണ് സര്‍വനാശം നേരിട്ടത്. നിരവധി ബഹുനില കെട്ടിടങ്ങള്‍ അടക്കം തകര്‍ന്നു. ജില്ലയില്‍ ഇനിയും 3500 പേര്‍ വിവിധ ദുരിതാശ്വാസ ക്യാംപുകളിലാണ്. 5000 പേരെ ക്യാംപുകളില്‍ നിന്ന് തിരിച്ചയച്ചു. കാവേരി നദി ഉല്‍ഭവസ്ഥാനമായ ബാഗമണ്ഡലം മുതല്‍ കുടകിലെ തീരങ്ങളിലെല്ലാം കരകവിഞ്ഞും ഗതിമാറിയുമാണ് നാശമുണ്ടായത്.സഞ്ചാരികളുടെ ഭാഷയില്‍ തെക്കിന്റെ കശ്മീര്‍ എന്നറിയപ്പെടുന്ന കുടക് ഈ നൂറ്റാണ്ടിലുണ്ടായ മഹാപ്രളയത്തിന്റെ ദുരിതം മറികടക്കാനുള്ള കഠിനപ്രവര്‍ത്തനങ്ങളിലാണ്. ജൂണ്‍ 12ന്റെ ആദ്യ ഉരുള്‍പൊട്ടലില്‍ കുടക് കേരളാ അതിര്‍ത്തിയായ മാക്കൂട്ടം ചുരം റോഡിലാണ് പരക്കെ ഉരുള്‍പൊട്ടിയത്. തകര്‍ന്ന പാതയുടെ പുനര്‍നിര്‍മാണം നടന്നിട്ടില്ല. അതിനിടയിലാണ് ജില്ലയിലെ ജനവാസകേന്ദ്രങ്ങളെ പ്രളയം വിഴുങ്ങിയത്. ചുരം റോഡ് വഴി കേരള, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് ബസ്സുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ ഇപ്പോഴും സര്‍വീസ് നടത്തുന്നില്ല. ചെറിയ വാഹനങ്ങള്‍ മാത്രമാണിതു വഴി പോവുന്നത്.
Next Story

RELATED STORIES

Share it