kannur local

ഉരുപ്പുംകുറ്റിയില്‍ കാട്ടാനകളുടെ വിളയാട്ടം ഏക്കര്‍ കണക്കിന് കാര്‍ഷിക വിളകള്‍ നശിപ്പിച്ചു



ഇരിട്ടി: അയ്യങ്കുന്നു പഞ്ചായത്തിലെ കരിക്കോട്ടക്കരി ഉരുപ്പുംകുറ്റിയില്‍ കാട്ടാനകളിറങ്ങി നിരവധി കര്‍ഷകരുടെ ഏക്കര്‍ കണക്കിന് കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയോടെ ആറളം വനത്തില്‍  നിന്നും ഇറങ്ങിവന്ന അഞ്ചോളം കാട്ടാനകളാണ് ജനവാസ കേന്ദ്രത്തില്‍ വ്യാപക കൃഷിനാശം വരുത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.  ഉരുപ്പുംകുറ്റി ആയാംകുടി കുരിശുമലയിലെ സണ്ണി കുന്നിനിന്റെ നൂറോളം കുലച്ചതും കുലക്കാറായതുമായ  വാഴകള്‍, അഞ്ചോളം കുലച്ച തെങ്ങുകള്‍, നിരവധി കവുങ്ങുകള്‍, കശുമാവിന്‍ തൈകള്‍, ഇഞ്ചി,  പറമ്പുകാട്ടില്‍ ഫ്രാന്‍സിസിന്റെ കുലക്കാറായ നിരവധി വാഴകള്‍, മൂന്ന് തെങ്ങ്, കശുമാവിന്‍ തൈകള്‍, പറമ്പുകാട്ടില്‍ ജോര്‍ജിന്റെ ഏഴ് തെങ്ങ്, നിരവധി വാഴകള്‍, എക്രയോളം കപ്പകൃഷി എന്നിവ കാട്ടാനകള്‍ നശിപ്പിച്ചു. കൂടാതെ  ഈഴക്കുന്നേല്‍ ബെന്നി, വെള്ളത്താനത്തു ദേവസ്യ, വെള്ളത്താനത്തു ഫിലിപ്പ്, വെള്ളത്താനത്തു ജോസ് എന്നിവരുടെയും നിരവധി വാഴകളും തെങ്ങുകളും നശിപ്പിച്ചിട്ടുണ്ട്.   കഴിഞ്ഞ വര്‍ഷവും ഈ മേഖലയില്കാട്ടാനകള്‍ ഇറങ്ങി വ്യാപക നാശം വിതച്ചിരുന്നതായും എന്നാല്‍ ഇതിനുള്ള നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. ഇനിയും രാത്രികാലങ്ങളില്‍ കാട്ടാനകള്‍ ഇവിടെ ഇറങ്ങി കര്‍ഷകരുടെ  സ്വത്തിനും ജീവനും തന്നെ ഭീഷണി സൃഷ്ടിക്കാന്‍ ഇടയുനെന്നും ഇവര്‍ പറയുന്നു.  ജീവന് തന്നെ ഭീഷണിയുള്ളതിനാല്‍ പല കര്‍ഷകരും ഇവിടെ നിന്നും വീടുകള്‍ മാറി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കുന്നതായും ഇവര്‍ പറഞ്ഞു. കാട്ടാനകള്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങാതിരിക്കാനായി നിര്‍മിച്ച വൈദ്യുത വേലികള്‍ മുഴുവന്‍ തകര്‍ന്നു കിടക്കുകയാണെന്നും കാട്ടാനകളെയും കാട്ടു മൃഗങ്ങളെയും പ്രതിരോധിക്കാനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉടനടി ഉണ്ടാവണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it