kannur local

ഉരുപ്പുംകുറ്റിയില്‍ കാട്ടാനകളുടെ വിളയാട്ടം

ഇരിട്ടി: അയ്യങ്കുന്ന് പഞ്ചായത്തില്‍ ഉരുപ്പുംകുറ്റിയില്‍ കാട്ടാനകളുടെ വിളയാട്ടം. ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം നൂറോളം വാഴകളും 20ഓളം തെങ്ങുകളും നശിപ്പിച്ചു. ഉരുപ്പുംകുറ്റിയിലെ ജോസ് മാത്യു ഉഴുത്തുപാല്‍, ചെറിയാന്‍ ഉഴുത്തുപാല്‍ എന്നിവരുടെ കാര്‍ഷിക വിളകളാണ് ആനകള്‍ നശിപ്പിച്ചത്. കൊട്ടിയൂര്‍ വനമേഖല പങ്കിടുന്ന ജനവാസ മേഖലയില്‍ മുമ്പും നിരവധി തവണ കാട്ടാനകളുടെ ആക്രമണം ഉണ്ടായിരുന്നു.
കാട്ടാനയെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തതാണ് ആനകള്‍ ജനവാസ മേഖലയില്‍ ഇറങ്ങാന്‍ ഇടയാക്കുന്നതെന്നു നാട്ടുകാര്‍ പറയുന്നു. കാട്ടാനകളുടെ ശല്യം മൂലം സ്വന്തം കിടപ്പാടവും കൃഷിയിടങ്ങളും ഉപേക്ഷിച്ചുപോയവര്‍ ഇവിടെ നിരവധിയാണ്. കുലച്ച കായ്ഫലമുള്ള തെങ്ങുകളും വിളവ് തരാന്‍ പാകമായി നില്‍ക്കുന്ന വാഴകളും മറ്റും കാട്ടാനകള്‍ നിരന്തരം നശിപ്പിക്കുമ്പോള്‍ തകരുന്നത് ഇവിടെയുള്ള കര്‍ഷകരുടെ നട്ടെല്ലാണ്.
സ്ഥലവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി ആനകളെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ രാത്രിയില്‍ ഇവ വീണ്ടും തിരിച്ചുവരാന്‍ ഇടയുണ്ട്.
അടിയന്തരമായി കാട്ടാനക്കൂട്ടത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ ഇവിടങ്ങളില്‍ അധികൃതര്‍ ഇടപെട്ട് ഒരുക്കണമെന്നും തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
Next Story

RELATED STORIES

Share it