ഉരുട്ടിക്കൊലക്കേസ്: ഉദയകുമാറിന്റെ മാതാവിന് 10 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: പോലിസ് ഉദ്യോഗസ്ഥര്‍ ഉരുട്ടിക്കൊലപ്പെടുത്തിയ കേസിലെ ഉദയകുമാറിന്റെ മാതാവിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി. ഒരുമാസത്തിനകം സര്‍ക്കാര്‍ ഈ തുക നല്‍കണമെന്നാണ് ജസ്റ്റിസ് പി ഡി രാജന്റെ ഉത്തരവ്.
പോലിസുകാര്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയാല്‍ അവരുടെ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളില്‍നിന്ന് ഈ തുക ഈടാക്കണമെന്നും ഒരു മാസത്തിനകം നഷ്ടപരിഹാരം ലഭിക്കാത്തപക്ഷം നിയമനടപടികള്‍ സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി. തുടരന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം നടത്തിയ നടപടിക്രമങ്ങള്‍ തെറ്റാണെന്നും ഇതിന്റെ അടിസ്ഥാനത്തിലുള്ള വിചാരണ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് കേസിലെ രണ്ടു പ്രതികളായ പോലിസ് ഉദ്യോഗസ്ഥര്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.
ഉദയകുമാറിന്റെ മാതാവിന്റെ പരാതിയില്‍ പോലിസുകാര്‍ക്കെതിരേയുള്ള കേസ് സിബിഐ ഏറ്റെടുത്തു. എന്നാല്‍, ഒരു കേസിലെ പ്രതികളില്‍ ചിലരെ അടുത്ത കേസില്‍ മാപ്പുസാക്ഷിയാക്കിയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.
തിരുവനന്തപുരം സിബിഐ കോടതി പ്രതിചേര്‍ത്തയാളെ തുടരന്വേഷണത്തില്‍ മാപ്പുസാക്ഷിയാക്കി കൊച്ചിയിലെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച നടപടിക്രമം നിലനില്‍ക്കുന്നതല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഡിവൈഎസ്പിമാരായ ഇ കെ സാബുവും അജിത് കുമാറും ഹൈക്കോടതിയെ സമീപിച്ചത്.
2005 സപ്തംബര്‍ 25നാണ് തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനില്‍ ഉദയകുമാര്‍ എന്ന യുവാവ് കൊല്ലപ്പെട്ടത്. സംഭവം നടന്നിട്ട് 11 വര്‍ഷമായിട്ടും ഇപ്പോഴും വിചാരണ ആരംഭിക്കാന്‍ കഴിയാത്തതിന് ഉത്തരവാദികള്‍ പ്രതികളാണെന്ന് കോടതി വിമര്‍ശിച്ചു. നടപടികള്‍ നീട്ടിക്കൊണ്ടുപോവാന്‍ പ്രതികള്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്.
ഈ സാഹചര്യത്തില്‍ ഇനിയും നടപടികള്‍ വൈകാതെ വിചാരണാനടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് വിചാരണക്കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.
ലോക്കപ്പില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്ന് സുപ്രിംകോടതി വിധി ഉദ്ധരിച്ച് കോടതി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരമായി 10 ലക്ഷം നല്‍കാന്‍ ഉത്തരവിട്ടത്.
Next Story

RELATED STORIES

Share it