ഉയര്‍ന്ന വിലയ്ക്ക് റഫേല്‍ വിമാനങ്ങള്‍: പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്റെ എതിര്‍പ്പു മറികടന്ന്‌

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാര്‍ 36 റഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ ഒപ്പിടുന്നതിന് മാസം മുമ്പ് കരാര്‍ സംബന്ധിച്ചു പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ എതിര്‍പ്പു രേഖപ്പെടുത്തിയിരുന്നുവെന്ന് റിപോര്‍ട്ട്. കരാര്‍ മധ്യസ്ഥസമിതി അംഗം കൂടിയായ ഉദ്യോഗസ്ഥന്‍ വിമാനത്തിന്റെ വില ഉള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് ഫയലില്‍ എതിര്‍പ്പു രേഖപ്പെടുത്തിയത്. അക്കാലത്ത് പ്രതിരോധമന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയും അക്വിസിഷന്‍ മാനേജരുമായിരുന്നു അദ്ദേഹം. ഈ ഉദ്യോഗസ്ഥന്റെ എതിര്‍പ്പിനെ തുടര്‍ന്ന് കരാറിന് മന്ത്രിസഭയുടെ അംഗീകാരം കിട്ടാന്‍ വൈകി. പ്രതിരോധ മന്ത്രാലയത്തിലെ തന്നെ മറ്റൊരു ഉയര്‍ന്ന ഉദ്യോഗസ്ഥനെക്കൊണ്ട് ഇത് മറികടന്നാണ് മന്ത്രിസഭ കരാറിന് അംഗീകാരം നല്‍കുന്നത്.
ഉദ്യോഗസ്ഥന്‍ എതിര്‍പ്പു രേഖപ്പെടുത്തിയ റഫേല്‍ ഫയല്‍ ഇപ്പോള്‍ സിഎജിയുടെ പരിഗണനയിലാണുള്ളത്. ഡിസംബറില്‍ തുടങ്ങുന്ന ശീതകാല സമ്മേളനത്തില്‍ സിഎജി തങ്ങളുടെ റിപോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്. എയര്‍ഫോഴ്‌സ് ഡെപ്യൂട്ടി ചീഫ് തലവനായുള്ള കരാര്‍ മധ്യസ്ഥ സമിതി പലതവണ ഫ്രഞ്ച് അധികൃതരുമായി ചര്‍ച്ച ചെയ്തശേഷമാണ് റഫേലിന്റെ വില ഉറപ്പിക്കുന്നത്. എന്നാല്‍, 126 വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ച കാലത്തെ അടിസ്ഥാനവിലയില്‍ നിന്ന് ഏറെ കൂടുതലാണ് 36 വിമാനങ്ങള്‍ക്കു തീരുമാനിച്ചതെന്നതായിരുന്നു ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടിയ എതിര്‍പ്പ്.
2015 ഏപ്രിലില്‍ മോദിയുടെ പാരിസ് യാത്രയിലാണ് 36 വിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ ഒപ്പിടുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ 126 വിമാനങ്ങള്‍ വാങ്ങാനുള്ള യുപിഎയുടെ പഴയ ശുപാര്‍ശ ജൂണ്‍ 24ന് റദ്ദായി. ഇഎഡിഎസ് എന്ന ജര്‍മന്‍ കമ്പനി യുദ്ധവിമാനം 20 ശതമാനം കുറച്ച് നല്‍കാമെന്നു വാഗ്ദാനം ചെയ്തിട്ടുള്ളതായും ഉദ്യോഗസ്ഥന്‍ എതിര്‍പ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. റഷ്യയുടെ സുഖോയ് എസ്‌യു30 എംകെഐ വിമാനം ഇതേ വിലയ്ക്ക് എച്ച്എഎല്ലില്‍ നിന്നു ലഭ്യമാക്കാമെന്നും ഫയലിലുണ്ട്.
എന്നാല്‍, സുഖോയ് വേണ്ടതില്ലെന്നും റഫേല്‍ തന്നെ വേണമെന്നുമാണ് തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥ എതിര്‍പ്പ് മറികടക്കുന്ന കുറിപ്പില്‍ രേഖപ്പെടുത്തിയത്. തുടര്‍ന്ന് കരാറിന് മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നു.

Next Story

RELATED STORIES

Share it