wayanad local

ഉയര്‍ന്ന പോളിങില്‍ പ്രതീക്ഷയര്‍പ്പിച്ച് രാഷ്ര്ട്രീയപ്പാര്‍ട്ടികള്‍

കല്‍പ്പറ്റ: പോളിങ് ശതമാനം ഉയര്‍ന്നത്, ഫലം തങ്ങള്‍ക്കനുകൂലമാണെന്നാണ് ഓരോ മുന്നണികളുടെയും വാദം. ഭരണത്തുടര്‍ച്ചയ്ക്ക് വേണ്ടിയാണ് വോട്ടര്‍മാര്‍ കൂട്ടത്തോടെ പോളിങ് ബൂത്തിലെത്തിയതെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. സര്‍ക്കാരിന്റെ ജനോപകാരപ്രദമായ വിവിധ പദ്ധതികളുടെ തുടര്‍ച്ചയാണ് വോട്ടര്‍മാര്‍ പോളിങ് ഉയര്‍ന്നതിലൂടെ ആവശ്യപ്പെട്ടതെന്നും നേതാക്കള്‍ വിലയിരുത്തുന്നു. എന്നാല്‍, ഭരണത്തിനെതിരായ പ്രതിഷേധമായാണ് എല്‍ഡിഎഫ് പോളിങ് ഉയര്‍ന്നതിനെ വിലയിരുത്തുന്നത്. തോട്ടം, ആദിവാസി, കാര്‍ഷിക മേഖലകളിലെല്ലാം നല്ല പോളിങാണുണ്ടായത്.
എല്‍ഡിഎഫിന് മേല്‍ക്കൈയുള്ള ഗ്രാമപ്പഞ്ചായത്തുകളിലും നഗരസഭകളിലും പോളിങ് ശതമാനം വര്‍ധിച്ചതും ശുഭപ്രതീക്ഷ നല്‍കുന്നുണ്ടെന്നും സിപിഎം ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കേന്ദ്രത്തിലേതിന് സമാനമായ ജനതാല്‍പര്യത്തിനനുസരിച്ച ഭരണം കേരളത്തിലും ആഗ്രഹിച്ച വോട്ടര്‍മാര്‍ കൂട്ടത്തോടെ പോളിങ് ബൂത്തിലെത്തുകയായിരുന്നുവെന്ന് ബിജെപി അവകാശപ്പെട്ടു. അവകാശവാദങ്ങള്‍ തുടരുകയാണെങ്കിലും കൃത്യമായ തീരുമാനത്തിലെത്താന്‍ ഒരു മുന്നണിക്കും കഴിഞ്ഞിട്ടില്ല. ഓരോ ബൂത്തിലും പോള്‍ ചെയ്ത വോട്ടുകള്‍ മുടിനാരിഴ പരിശോധിക്കുകയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍.
തങ്ങള്‍ക്ക് ആധിപത്യമുള്ള ബൂത്തുകളില്‍ പോളിങ് ഉയര്‍ന്നത് പ്രതീക്ഷ നല്‍കുമ്പോള്‍ മണ്ഡലത്തിലാകെ പോളിങ് ഉയര്‍ന്നത് ആശങ്കയ്ക്കും ഇട നല്‍കുന്നു. ഏതായാലും മൂന്ന് മണ്ഡലങ്ങളിലും നിലവിലെ എംഎല്‍എമാര്‍ തുടരുമോ അതോ അട്ടിമറി നടന്നേക്കുമോ എന്നറിയാന്‍ നാളെ വരെ കാത്തിരിക്കണം.
Next Story

RELATED STORIES

Share it