wayanad local

ഉയരാതെ ഇഞ്ചി വില : കര്‍ഷകര്‍ക്ക് കനത്ത നഷ്ടം



കല്‍പ്പറ്റ: മെയ് ആദ്യവാരം കഴിഞ്ഞിട്ടും കര്‍ണാടക വിപണികളില്‍ ഇഞ്ചിവില ഉയര്‍ന്നില്ല. ചാക്കിന് (60 കിലോ) 1000-1050 രൂപ വില ആഴ്ചകളായി തുടരുകയാണ്. ഇത് കര്‍ണാടകയില്‍ ഇഞ്ചികൃഷിയില്‍ മുതല്‍മുടക്കിയവരെ ആശങ്കയിലാക്കുകയാണ്. ഉല്‍പാദനക്കുറവും വിലക്കുറവും മൂലം കര്‍ഷകര്‍ കനത്ത നഷ്ടം നേരിടുന്നതിനിടെ ഭൂമിയുടെ പാട്ടവും കൂലിച്ചെലവും വര്‍ധിക്കുകയുമാണ്. കഴിഞ്ഞവര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഇഞ്ചി ചാക്കിന് 2,500 രൂപ വരെ വില ലഭിച്ചിരുന്നു. വിളവെടുപ്പുകാലത്തിന്റെ തുടക്കത്തോടെ താഴ്ന്ന വിലയാണ് ഇത്തരത്തില്‍ വര്‍ധിച്ചത്. എന്നാല്‍, ഇക്കുറി ഏപ്രില്‍ കഴിഞ്ഞിട്ടും വിലയില്‍ കാതലായ മാറ്റമില്ല. കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലായി 18,000നടുത്ത് മലയാളികളാണ് ഒറ്റയ്ക്കും സംഘങ്ങളായും ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചികൃഷി ചെയ്യുന്നത്. വയനാട്ടുകാരാണ് ഇവരില്‍ അധികവും. 1990കളില്‍ വയനാട്ടിലുണ്ടായ കാര്‍ഷിക പ്രതിസന്ധിയാണ് കൃഷിക്കാരില്‍ പലരെയും കര്‍ണാടകയില്‍ ഭാഗ്യപരീക്ഷണത്തിനു പ്രേരിപ്പിച്ചത്. നിലവില്‍ ഏകദേശം ഒന്നേകാല്‍ ലക്ഷം ഏക്കറിലാണ് കൃഷി. കാലാവസ്ഥയിലെ പിഴവുകള്‍ മൂലം ഇഞ്ചി ഉല്‍പാദനത്തില്‍ ഗണ്യമായ കുറവാണുണ്ടായതെന്ന് കര്‍ണാടകയിലെ എച്ച്ഡി കോട്ട താലൂക്കില്‍ കൃഷി നടത്തുന്ന പുല്‍പ്പള്ളി ഇലക്ട്രിക് കവല കൈനിക്കുടിയില്‍ പീറ്റര്‍ പറഞ്ഞു. മുമ്പ് ഒരേക്കറില്‍ ശരാശരി 300 ചാക്ക് (18,000 കിലോഗ്രാം) വിളവ് ലഭിച്ചിരുന്നു. ഇക്കുറി 50-200 ചാക്കാണ് വിളവ്. വരള്‍ച്ചയും രോഗങ്ങളുമാണ് ഇഞ്ചി ഉല്‍പാദനത്തെ ബാധിച്ചത്. ഒരേക്കറില്‍ ഇഞ്ചികൃഷി നടത്തുന്നതിനു പാട്ടവും വിത്ത്-വളം വിലയും നിലമൊരുക്കല്‍ മുതല്‍ വിളവെടുപ്പു വരെ പണിക്കൂലിയും അടക്കം ഏകദേശം നാലര ലക്ഷം രൂപയാണ് ചെലവ്. ഇപ്പോള്‍ 100 ചാക്ക് ഇഞ്ചി വിറ്റാല്‍ കിട്ടുന്നതാവട്ടെ, ഒരു ലക്ഷം രൂപയും. ഇതുകാരണം താങ്ങാനാവാത്ത നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടാവുന്നത്. പലരും ഇഞ്ചികൃഷി ചെയ്യുന്ന ഭൂമിയുടെ അളവ് വെട്ടിക്കുറച്ചിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം സംഘങ്ങളായി പത്തും പതിനഞ്ചും ഏക്കറില്‍ കൃഷി ഇറക്കിയിരുന്നവര്‍ ഇത്തവണ നാലോ അഞ്ചോ ഏക്കറിലാണ് കൃഷി നടത്തുന്നത്. പലേടങ്ങളിലും കര്‍ഷകര്‍ നിലമൊരുക്കി കണ്ടംവെട്ടി വിത്ത് നട്ടുവരികയാണ്. നേരത്തേ പാട്ടം ഉറപ്പിച്ച ഭൂമിയില്‍ ഇഞ്ചികൃഷി നടത്തുന്നത് ഒഴികെ ഭാഗം ഇതര വിളകള്‍ക്ക് ഉപയോഗപ്പെടുത്താനാണ് കര്‍ഷകരുടെ തീരുമാനം. കര്‍ണാടകയില്‍ കുടക്, ഷിമോഗ, ഹാസന്‍, മൈസൂരു ജില്ലകളിലാണ് പ്രധാനമായും ഇഞ്ചികൃഷി. ഈ ജില്ലകളിലെ പ്രധാന വിപണികളിലെല്ലാം ഇഞ്ചിവില മാറ്റമില്ലാതെ തുടരുകയാണ്. വിപണികളിലെത്തുന്ന ഇഞ്ചിയുടെ അളവില്‍ കാര്യമായ കുറവുണ്ടായിട്ടും വില ഉയരാത്തതിനു പിന്നില്‍ വന്‍കിട കച്ചവടക്കാരുടെ ഒത്തുകളിയാണെന്ന സംശയം കര്‍ഷകര്‍ക്കുണ്ട്. അതേസമയം, ഇതര രാജ്യങ്ങളില്‍നിന്നു ഇന്ത്യയിലേക്കുള്ള ഇഞ്ചി ഇറക്കുമതിയാണ് വില ഉയരാത്തതിനു കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. ഈ അവസ്ഥയിലും ഭൂവുടമകള്‍ പാട്ടം വര്‍ധിപ്പിക്കുകയാണ്. ഭൂമിയുടെ സവിശേഷതകളനുസരിച്ച് ഏക്കറിനു 5,000 രൂപ മുതല്‍ 10,000 രൂപ വരെയായിരുന്നു രണ്ടു പതിറ്റാണ്ടു മുമ്പ് വാര്‍ഷിക പാട്ടം. ഇതിപ്പോള്‍ ഒന്നേകാല്‍ ലക്ഷം രൂപ വരെയായി. ടൗണുകളില്‍നിന്ന് അകലെയുള്ളതും ജലസേചന സൗകര്യങ്ങള്‍ കുറഞ്ഞതുമായ പ്രദേശങ്ങളില്‍പോലും ഏക്കറിന് 40,000 രൂപയാണ് കുറഞ്ഞ പാട്ടം.
Next Story

RELATED STORIES

Share it