ഉയരച്ചാട്ടത്തിലും നീളച്ചാട്ടത്തിലും ലിസ്ബത്ത്

കോഴിക്കോട്: ലോങ്ജംപിലും ഹൈജംപിലും സ്വര്‍ണം വാരി ഇരട്ടമെഡല്‍ നേട്ടത്തോടെയാണ് ലിസ്ബത്ത് കരോളിന്‍ 61ാമത് ദേശീയ സ്‌കൂള്‍ കായിക മേളയില്‍ നിന്നും മടങ്ങുന്നത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ ഇന്നലെ നടന്ന ഹൈജംപില്‍ 1.65 മീറ്റര്‍ ഉയരം ചാടിയാണ് ലിസ്ബത്ത് കരോലിന്‍ ജോസഫ് ഇരട്ട മെഡലിന് അവകാശിയായത്.
കഴിഞ്ഞ ദിവസം നടന്ന ലോങ്ജംപില്‍ 5.52 മീറ്റര്‍ ദൂരം താണ്ടിയാണ് ലിസ്ബത്ത് സ്വര്‍ണമണിഞ്ഞത്. പൂല്ലൂരാംപാറ കൊല്ലിക്കാനം സജി എബ്രഹാമിന്റെയും ലെന്‍സിയുടേയും മകളായ ലിസ്ബത്ത് ആറാം ക്ലാസ് മുതല്‍ തന്നെ കായിക രംഗത്ത് സജീവമാവുകയായിരുന്നു. സംസ്ഥാന മീറ്റില്‍ ഹൈജംപ്, ലോങ്ജംപ് എന്നിവയില്‍ സ്വര്‍ണവും ട്രിപ്പിള്‍ജംപില്‍ വെള്ളിയും നേടി വ്യക്തിഗത ചാംപ്യനായിരുന്നു പൂല്ലൂരാംപാറ സെന്റ്‌ജോസഫ് സ്‌കൂളിലെ ഈ പത്താം ക്ലാസുകാരി.
റാഞ്ചിയില്‍ നടന്ന ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റിലും ലോങ്ജംപിലും ഹൈജംപിലും ലിസ്ബത്ത് സ്വര്‍ണമണിഞ്ഞിരുന്നു. മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമിയിലെ കോച്ച് ടോമി ചെറിയാന്റെ കീഴിലാണ് ലിസ്ബത്ത് ഇപ്പോള്‍ പരിശീലനം നടത്തുന്നത്.
ഹര്‍ഡിലുകള്‍ പെണ്‍താരങ്ങള്‍ക്കു തടസ്സമായില്ല

ഹര്‍ഡിലുകള്‍ക്ക് മുകളിലൂടെ കേരളത്തിന്റെ പെണ്‍ താരങ്ങള്‍ ഓടിച്ചാടി നടത്തിയത് മിന്നുന്ന പ്രകടനം. ഇന്നലെ നടന്ന സീനിയര്‍ ആണ്‍ പെണ്‍ വിഭാഗം 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വെങ്കലം കൊണ്ട് തൃപ്തിപ്പെട്ടപ്പോള്‍ സ്വര്‍ണവും വെള്ളിയും കഴുത്തിലണിഞ്ഞാണ് പെണ്‍കുട്ടികള്‍ വീറ് കാട്ടിയത്.
1.2.74 സെക്കന്റില്‍ ഓടിയെത്തിയാണ് കേരളത്തിന്റെ പി ഒ സയന സ്വര്‍ണ ജേതാവായത്. 1.3.97 സെക്കന്റില്‍ തന്നെ ഓടിയെത്തി കേരളത്തിന്റെ തന്നെ അഭിഗെയില്‍ ആരോഗ്യനാഥന്‍ വെള്ളി നേടിയപ്പോള്‍ കര്‍ണാടകയുടെ വെനിസ കരോള്‍ വെങ്കലം കരസ്ഥമാക്കി.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അയല്‍ക്കാരായ തമിഴ്‌നാടായിരുന്നു ആദ്യ രണ്ടു സ്ഥാനങ്ങളും നേടിയത്. 53.65 സെക്കന്റില്‍ ടി സന്തോഷ്‌കുമാറും 54.37 സെക്കന്റില്‍ കെ മണികണ്ഠനും യഥാക്രമം സ്വര്‍ണവും വെള്ളിയും കഴുത്തിലണിഞ്ഞു. 54.45 സെക്കന്റില്‍ ഓടിയെത്തിയ കെ റാഷിദിനാണ് ഈയിനത്തില്‍ വെങ്കലം ലഭിച്ചത്.
Next Story

RELATED STORIES

Share it