malappuram local

'ഉമ്മാന്റെ വടക്കിനി' ഭക്ഷ്യമേളയ്ക്ക് വളാഞ്ചേരിയില്‍ തുടക്കം

മലപ്പുറം: ജില്ലാ കുടുംബശ്രീ മിഷനും വളാഞ്ചേരി നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ഭക്ഷ്യമേള 'ഉമ്മാന്റെ വടക്കിനി' ക്ക് വളാഞ്ചേരിയില്‍ തുടക്കമായി. ആബിദ് ഹുസയ്ന്‍ തങ്ങള്‍ എംഎല്‍എ മേള ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ എം ഷാഹിന അധ്യക്ഷത വഹിച്ചു.
നഗരസഭാ വൈസ് ചെയര്‍മാന്‍ കെ വി ഉണ്ണികൃഷ്ണന്‍, കൗണ്‍സിലര്‍ മൈമൂന, നഗരസഭാ സെക്രട്ടറി എ ഫൈസല്‍, ബെന്നിമാത്യു, കുടുംബശ്രീ ഡിപിഎം (മാര്‍ക്കറ്റിങ്) മൃദുല, എന്‍യുഎല്‍എം മാനേജര്‍ പി കെ സുബൈറുല്‍ അവാന്‍, വ്യാപാരി വ്യവസായി യൂനിറ്റ് സെക്രട്ടറി കെ മുഹമ്മദലി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുനിത രമേഷ് സംസാരിച്ചു.
ജില്ലയിലെ 15ാമത്തെ “ഉമ്മാന്റെ വടക്കിനി’ ഭക്ഷ്യമേളയാണ് വളാഞ്ചേരി സഹകരണ ബാങ്കിന് സമീപം സംഘടിപ്പിക്കുന്നത്. കഫേ കുടുംബശ്രീയുടെ വിദഗ്ധ പരിശീലനം ലഭിച്ച ജില്ലയിലെ കഫേ യൂനിറ്റുകള്‍ തയ്യാറാക്കുന്ന തനതായ മായം കലരാത്ത വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളുടെ പ്രദര്‍ശനവും വിപണനവുമാണ് മേളയിലുള്ളത്. കുടുംബശ്രീ യൂനിറ്റുകള്‍ തയ്യാറാക്കുന്ന വിഭവങ്ങളായ കരിഞ്ചീരകക്കോഴി, മലബാര്‍ ദം ബിരിയാണി, ചിക്കന്‍ പൊള്ളിച്ചത്, ചതിക്കാത്ത സുന്ദരി, നൈസ് പത്തിരി, കപ്പ ബിരിയാണി, ഗ്രീന്‍ ചിക്കന്‍, വിവിധ തരം പായസങ്ങള്‍, ജ്യൂസുകള്‍, വിവിധ തരം കേക്കുകള്‍, വിവിധ തരം പലഹാരങ്ങള്‍ എന്നിവ മേളയിലെ പ്രധാന ആകര്‍ഷണങ്ങളാണ്.
കുടുംബശ്രീ വനിതകള്‍ ഉല്‍പാദിപ്പിക്കുന്ന വിഭവങ്ങള്‍ക്ക് വിപണി കണ്ടെത്തുക, കലര്‍പ്പില്ലാത്തതും മായം കലരാത്തതും വൈവിധ്യവുമായ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മേള സംഘടിപ്പിക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പത്തോളം ഭക്ഷ്യ ഉല്‍പാദന യൂനിറ്റുകളാണ് മേളയില്‍ പങ്കെടുക്കുന്നത്. ദിവസവും വൈകീട്ട് നാലു മുതല്‍ ഒമ്പതുവരെയാണ് മേള. മേള നാളെ രാത്രി സമാപിക്കും.
Next Story

RELATED STORIES

Share it