Flash News

ഉമ്മയെ തേടുന്ന കണ്ണുകളുമായി അസ്റയും മറിയവും

ഉമ്മയെ തേടുന്ന കണ്ണുകളുമായി  അസ്റയും മറിയവും
X
ശ്രീനഗര്‍: 11 മാസം പ്രായമുള്ള അസ്‌റയുടെ കരച്ചില്‍ കണ്ടുനില്‍ക്കുന്നവര്‍ക്കെല്ലാം കണ്ണീര്‍ക്കാഴ്ചയാണ്. സമീപത്തു നില്‍ക്കുന്ന സ്ത്രീകളുടെ അടുത്തേക്കു പ്രതീക്ഷയോടെ ഇഴഞ്ഞുചെല്ലുന്ന അവള്‍ അതു തന്റെ ഉമ്മയല്ലെന്ന് അറിയുമ്പോള്‍ കരഞ്ഞുകൊണ്ട് പിന്‍മാറുന്നു. എങ്ങനെയാണ് ഇത്രയും ചെറിയൊരു കുട്ടിക്ക് ഉമ്മയില്ലാതെ ജീവിക്കാന്‍ കഴിയുക എന്ന് ആരോ ചോദിക്കുന്നതിനിടെ ഒരു ചെറുപ്പക്കാരന്‍ വന്ന് അസ്‌റയെ എടുത്തുകൊണ്ടു പോയി. കശ്മീര്‍ താഴ്‌വരയിലെ അനാഥ കുട്ടികളില്‍ പുതിയ ആളാണ് അസ്‌റ. ഷോപ്പിയാന്‍ ജില്ലയിലെ ബതാമാറൂനില്‍ ഡിസംബര്‍ 19നു സുരക്ഷാസൈനികരും സായുധരും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനിടെയാണ് അസ്‌റയുടെ ഉമ്മ റൂബീ ജാന്‍ കൊല്ലപ്പെട്ടതെന്ന് അമ്മാവന്‍ അഹ്മദ് ഭട്ട് പറഞ്ഞു.



ഏറ്റുമുട്ടലിനിടയില്‍ കുടുങ്ങി റൂബി അവിചാരിതമായി കൊല്ലപ്പെട്ടുവെന്നാണു പോലിസ് അവകാശപ്പെടുന്നത്. എന്നാല്‍ സുരക്ഷാ സൈനികര്‍ ഇവരുടെ നേര്‍ക്കു മനപ്പൂര്‍വം തോക്ക് ചൂണ്ടുകയായിരുന്നുവെന്നു നാട്ടുകാരും കുടുംബവും സാക്ഷ്യപ്പെടുത്തുന്നു. 10 ദിവസം മുമ്പാണു റൂബി ബതാമാറൂനിലുള്ള തന്റെ മാതാപിതാക്കളുടെ വീട്ടിലെത്തിയത്. ഡിസംബര്‍ 18നു രാത്രി 150 മീറ്റര്‍ അകലെ സൈനികരും സായുധരും ഏറ്റുമട്ടല്‍ ആരംഭിച്ചു.ആ സമയം കുടുംബം മുഴുവന്‍ വീട്ടിനകത്തായിരുന്നു. പിറ്റേന്നു രാവിലെ രോഗിയായ അമ്മാവനു കുടിക്കാന്‍ വെള്ളമെടുക്കാന്‍ അടുക്കളയിലേക്കു പോയതായിരുന്നു റൂബി. ഇതിനിടെ റോഡിലുണ്ടായിരുന്ന സൈനികന്‍ വീട്ടിനു നേര്‍ക്ക് വെടിയുതിര്‍ത്തു. സഹോദരിയുടെ വയറ്റിലാണ് ഒരു ബുള്ളറ്റ് തറച്ചത്. അസ്‌റ ആ സമയത്തും റൂബിയുടെ കരവലയത്തിലുണ്ടായിരുന്നു. ഇളയ സഹോദരന്‍ പര്‍വേസ് അഹ്മദ് പറഞ്ഞു.  തനിക്കെന്താണ് സംഭവിച്ചതെന്ന് അപ്പോഴും റൂബി ചോദിക്കുന്നുണ്ടായിരുന്നു. വെടിയേറ്റതാണെന്നു മനസ്സിലായപ്പോള്‍ വിറയ്ക്കുന്ന സ്വരത്തില്‍ അവര്‍ പറഞ്ഞു, ഞാന്‍ പോവുകയാണ്. എന്റെ കുഞ്ഞിനെ നോക്കണം.  ധൃതിയില്‍ റൂബിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും റൂബി മരിച്ചിരുന്നു. ഡിസംബര്‍ 11നു മിസ്‌റ ബാനു കൊല്ലപ്പെട്ട സംഭവത്തിലും പോലിസ് പ്രസ്താവന സമാനമാണ്. കുപ്‌വാര ജില്ലയിലെ ഉന്‍സൂ ഗ്രാമത്തിലുള്ള മിസ്‌റയ്ക്ക് ഒമ്പതു വയസ്സുള്ള മറിയം എന്ന മകളുണ്ട്. മൂന്നു സായുധര്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടല്‍ വേളയില്‍ സൈന്യം മിസ്്‌റാ ബാനുവിനെ വെടിവച്ച് കൊല്ലുകയായിരുന്നുവെന്നാണ് ആരോപണം. ഏറ്റുമുട്ടലിനിടയില്‍ കുടുങ്ങി മിസ്്‌റാ ബാനു കൊല്ലപ്പെട്ടുവെന്ന പോലിസിന്റെ പ്രസ്താവന ശുദ്ധ നുണയാണെന്നു ഭര്‍ത്താവ് ഇസ്ഹാഖ് അഹ്മദ് പറയുന്നു. തന്റെ കണ്‍മുന്നില്‍ വച്ചാണു സൈനികരിലൊരാള്‍ അവളുടെ തലയിലേക്കു നിറയൊഴിച്ചതെന്നും നോക്കിനില്‍ക്കുകയല്ലാതെ തനിക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും ഇസ്ഹാഖ് പറഞ്ഞു. താന്‍ ഭാര്യയുടെയും കുഞ്ഞിന്റെയും തൊട്ടടുത്തുണ്ടായിരുന്നു. പൊടുന്നനെ സൈനികരിലൊരാള്‍ നിറയൊഴിക്കുകയായിരുന്നു.  ഏറ്റുമുട്ടല്‍ കഴിയുന്നതു വരെ ഒന്നും ചെയ്യാനാവാത്തതിനാല്‍ എന്റെ മടിയില്‍ കിടന്ന് രക്തം വാര്‍ന്നാണ് അവള്‍ മരിച്ചതെന്ന് ഇസ്ഹാഖ് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന മറിയമിന്റെയും അസ്‌റയുടെയും കരയുന്ന മുഖങ്ങള്‍ക്കൊപ്പം കശ്മീരില്‍ സുരക്ഷാ സേനയ്‌ക്കെതിരേയുള്ള പ്രതിഷേധവും കനക്കുകയാണ്. കശ്മീരിലെ പ്രശ്‌നങ്ങള്‍ പെട്ടെന്നു പരിഹരിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ കുഞ്ഞുമുഖങ്ങള്‍ പറയുന്നതെന്നു നാഷനല്‍ കോണ്‍ഫറന്‍സ് വക്താവ് ജുനൈദ് ആസിം മട്ടു പറഞ്ഞു. ഡിസംബര്‍ 16നു തിന്‍ഡ്പുര ഗ്രാമത്തില്‍ ആസിഫ് ഇഖ്ബാല്‍ എന്ന കാര്‍ ഡ്രൈവര്‍ കൊല്ലപ്പെട്ട സംഭവത്തിലും സൈന്യത്തിനെതിരേ പ്രതിഷേധം ഉയരുന്നുണ്ട്. രാത്രി 11 ഓടെ വീട്ടുമുറ്റത്തു വച്ചാണ് ആസിഫ് ഇഖ്ബാലിനു വെടിയേറ്റത്. നിരപരാധികളുടെ കൊലപാതകത്തിനെതിരേ ഹുര്‍രിയത്ത് നേതാക്കളായ സെയ്ദ് അലി ഗീലാനി, മിര്‍വായിസ് ഉമര്‍ ഫാറൂഖ്, മുഹമ്മദ് യാസീന്‍ മാലിക് എന്നിവര്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കശ്മീര്‍ സമാധാന ശ്രമങ്ങളില്‍ കേന്ദ്രത്തിന്റെ ഇടനിലക്കാരനായ ദിനേശ്വര്‍ ശര്‍മ അടുത്തയാഴ്ച വീണ്ടും താഴ്‌വരയില്‍ എത്താനിരിക്കെ പുതിയ സംഭവവികാസങ്ങള്‍ സന്ധിസംഭാഷണങ്ങളില്‍ കരിനിഴല്‍ വീഴ്ത്തും.
Next Story

RELATED STORIES

Share it