Flash News

ഉമ്മന്‍ ചാണ്ടി തെറ്റുകാരന്‍; ലൈംഗിക ആരോപണത്തില്‍ അന്വേഷണം

ഉമ്മന്‍ ചാണ്ടി തെറ്റുകാരന്‍; ലൈംഗിക ആരോപണത്തില്‍ അന്വേഷണം
X


തിരുവനന്തപുരം:  സോളാര്‍ കേസിലെ ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയുടെ മേശപ്പുറത്തുവച്ചു. നാലു വോള്യങ്ങളിലായി 1,073 പേജുള്ള റിപ്പോര്‍ട്ടാണ് സഭയില്‍ വച്ചത്. റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തുവച്ച മുഖ്യമന്ത്രി പൊതുജനതാല്‍പര്യം കണക്കിലെടുത്താണ് റിപ്പോര്‍ട്ട് ഇത്രവേഗം സഭയില്‍ വച്ചതെന്ന് പറഞ്ഞു. ഉമ്മന്‍ചാണ്ടി തെറ്റുകാരനാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ഉപഭോക്താക്കളെ വഞ്ചിക്കാന്‍ കഴിയുംവിധം മുഖ്യമന്ത്രിയുടെ ഓഫീസ് സരിതാ നായരെ സഹായിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശ്രമിച്ചു.  ടീം സോളര്‍ കമ്പനിയെ ആര്യാടന്‍ മുഹമ്മദ് എല്ലാ രീതിയിലും സഹായിച്ചു. ആര്യാടന് ഔദ്യോഗിക വസതിയില്‍ വച്ച് 27 ലക്ഷം രൂപ നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
സരിതാ നായര്‍ക്കെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ട്. 21 പേജുള്ള കത്തില്‍ ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് സരിത ഭീഷണിപ്പെടുത്തിയതായി പറയുന്ന റിപ്പോര്‍ട്ടില്‍, ഇത് പ്രയോജനപ്പെടുത്തി പരാതിക്കാര്‍ക്ക് പണം നല്‍കി കേസുകള്‍ ഒത്തുതീര്‍ത്തതായും കുറ്റപ്പെടുത്തുന്നുണ്ട്. സോളാര്‍ കേസ് അന്വേഷണ സംഘത്തിനെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം ശ്രമിച്ചു. സരിതയുമായി സംസാരിച്ചത് പഴ്‌സണല്‍ സ്റ്റാഫ് മാത്രമെന്ന് വരുത്താനും ശ്രമമുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കമ്മീഷന്‍ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. സോളര്‍ കേസുമായി ബന്ധപ്പെട്ടുയര്‍ന്ന ലൈംഗികാരോപണത്തില്‍ ക്രിമിനല്‍ അന്വേഷണം നടക്കും. ഇക്കാര്യത്തില്‍ അഴിമതിനിരോധന നിയമം ബാധകമാകുമോ എന്ന് അന്വേഷിക്കും. കോഴ വാങ്ങിയതിനെക്കുറിച്ചും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതും അന്വേഷിക്കും. സുപ്രീം കോടതിയില്‍ നിന്നു വിരമിച്ച ജസ്റ്റിസ് അരിജിത് പസായത്തിന്റെ നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടികളെടുത്തതെന്ന് സര്‍ക്കാര്‍ സഭയെ അറിയിച്ചു.
രാവിലെ ഒമ്പതിനാണ് സഭ തുടങ്ങിയത്. വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച കെ.എന്‍.എ. ഖാദറിന്റെ സത്യപ്രതിജ്ഞയോടെയായിരുന്നു സഭ തുടങ്ങിയത്. തുടര്‍ന്ന് മുഖ്യമന്ത്രി സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് മേശപ്പുറത്ത് വെച്ചതായി പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ പ്രതിപക്ഷം ബഹളം തുടങ്ങി. മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടുന്ന അടിയന്തര പ്രമേയത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ബഹളം.
Next Story

RELATED STORIES

Share it