ഉമ്മന്‍ ചാണ്ടിക്കെതിരേ നിയമനടപടിക്ക് ജേക്കബ് തോമസിന് അനുമതിയില്ല

തിരുവനന്തപുരം: തനിക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ ഡിജിപി ജേക്കബ് തോമസിന് അനുമതി നല്‍കുമെന്ന നിലപാടില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിന്‍മാറി. മുഖ്യമന്ത്രിയുടെ നിലപാട് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ജേക്കബ് തോമസിനെ അറിയിച്ചു. മന്ത്രിസഭയുടെ തീരുമാനപ്രകാരമാണ് നിലപാടെന്നായിരുന്നു ഇതുസംബന്ധിച്ച മുഖ്യമന്ത്രിയുടെ വിശദീകരണം.

തനിക്കെതിരേ നിയമനടപടിക്ക് അനുമതി ചോദിച്ചാല്‍ നിശ്ചയമായും കൊടുത്തിരിക്കുമെന്നായിരുന്നു ജേക്കബ് തോമസിന്റെ അപേക്ഷയെക്കുറിച്ച് നേരത്തെ മുഖ്യമന്ത്രി പ്രതികരിച്ചത്. അഗ്‌നിശമനസേനാ മേധാവി സ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ മാറ്റിയത് ജനദ്രോഹനടപടികള്‍ കാരണമാണെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. തുടര്‍ന്ന് വാര്‍ത്താസമ്മേളനങ്ങളില്‍ പ്രത്യക്ഷമായും പരോക്ഷമായും ജേക്കബ് തോമസിനെ മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. മുഖ്യമന്ത്രി തന്നെ ജനവിരുദ്ധനായി ചിത്രീകരിച്ചെന്നും പരസ്യവിമര്‍ശനം പിന്‍വലിച്ചില്ലെങ്കില്‍ നിയനടപടിക്ക് പോവാന്‍ അനുമതി നല്‍കണമെന്നുമായിരുന്നു ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ ഡിജിപി ജേക്കബ് തോമസ് ആവശ്യപ്പെട്ടിരുന്നത്.

അഖിലേന്ത്യാ സര്‍വീസ് ചട്ടം റൂള്‍ 17 പ്രകാരം ഇത് സാധ്യമല്ലെന്ന് നിലപാടെടുത്ത ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഫയല്‍ ആഭ്യന്തരമന്ത്രിക്ക് കൈമാറി. ചീഫ് സെക്രട്ടറിയുടെ നിലപാട് ശരിവച്ച ആഭ്യന്തരമന്ത്രി അന്തിമതീരുമാനം മുഖ്യമന്ത്രിക്ക് വിട്ട് ഫയല്‍ അയച്ചു. തുടര്‍ന്ന് ജേക്കബ് തോമസിന്റെ ആവശ്യത്തിന് മുഖ്യമന്ത്രി അനുമതി നിഷേധിക്കുകയായിരുന്നു. അനുമതി നല്‍കണമെന്നു തന്നെയായിരുന്നു തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും എന്നാല്‍ മന്ത്രിസഭായോഗം അത് വ്യക്തിപരമായ പ്രശ്‌നമല്ലെന്ന നിലപാടാണ് എടുത്തതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
Next Story

RELATED STORIES

Share it