ernakulam local

ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ ജനം മനസ്സില്‍ നിന്നും ഇറക്കിവിട്ടു: കാനം

പറവൂര്‍: ഉമ്മന്‍ചാണ്ടിയെ ജനങ്ങള്‍ മനസ്സില്‍നിന്നും ഇറക്കിവിട്ടുകഴിഞ്ഞെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
ജനകീയ യാത്രക്ക് പറവൂരില്‍ നല്‍കിയ സ്വീകരണത്തിനുശേഷം ചൊവ്വാഴ്ച്ച രാവിലെ നടത്തിയ കലാ, സംസ്‌ക്കാരിക പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയില്‍ അടിമുടി മുങ്ങിക്കുളിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജനങ്ങളില്‍നിന്നും അകന്നുകഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സര്‍ക്കാര്‍ മദ്യനിരോധനം നയമായി നടപ്പാക്കുമെന്ന് പറയുമ്പോഴും കേരളത്തില്‍ ഒരുബാര്‍പോലും പൂട്ടിയിട്ടില്ല. എല്ലാ ബാറുകളിലും വീര്യം കൂടിയ മദ്യത്തിനുപകരം ബീയര്‍ വൈന്‍ കച്ചവടം നടക്കുന്നുണ്ട്. ഈകാലയളവില്‍ ബിയര്‍പോലുള്ള സാധനങ്ങളുടെ വില്‍പന അനിയന്ത്രിതമായി വര്‍ധിച്ചു. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില്‍പനയും കൂടി. ഏതാനും നാളുകള്‍ക്കുള്ളില്‍ 17.8 ലക്ഷം കെയിസ് ബിയര്‍ വിറ്റഴിച്ചെന്നാണ് സര്‍ക്കാരിന്റെ കണക്ക്. മദ്യനിരോധനം നടപ്പാക്കാന്‍ സര്‍ക്കാരിന് താല്‍പര്യമില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
പറവൂരിലെയും സമീപ പ്രദേശത്തെയും കലാകാരന്മാരും സാംസ്‌ക്കാരിക പ്രവര്‍ത്തകരുമായി കാനം രാജേന്ദ്രനും മുല്ലക്കര രത്‌നാകരനും സംവദിച്ചു. മതേതര ജനാധിപത്യകേരളം നിലനില്‍ക്കുന്നതിനും ഇടതുപക്ഷ മാനവികതക്കും കലകളുടെ നിലനില്‍പ്പ് അനിവാര്യമാണെന്നും അദ്ദേഹം കലാകാരന്മാരോട് പറഞ്ഞു.
സംവാദത്തില്‍ സീരിയല്‍ താരം മുരളീമോഹന്‍, നല്ല നടനുള്ള നാടക അക്കാദമി അവാര്‍ഡ് ജേതാവ് ഖാലിദ് കെടാമംഗലം, ഗാന രചയിതാവ് ഐ എസ് കുണ്ടൂര്‍, സിനി, സീരിയല്‍ നടന്‍ വിനോദ് കെടാമംഗലം, കാഥിക ഓമന മോഹന്‍ കൂട്ടുകാട്, കലാതിലകം നീനുരജീവ്, കഥാകൃത്ത് പറവൂര്‍ ബാബു, കവി ഷിബു ഏഴിക്കര, ഷാജി ഏഴിക്കര, ഏഴിക്കര നാരായണന്‍, തുള്ളല്‍ കലാകാരന്‍ അരുണ്‍ ആര്‍ കുമാര്‍, മോഹനന്‍ കൂട്ടുകാട്, സൈനന്‍ കെടാമംഗലം, എന്‍ കെ സുതന്‍ പങ്കെടുത്തു. സംവാദത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി പി രാജു അദ്ധ്യക്ഷതവഹിച്ചു.
Next Story

RELATED STORIES

Share it