ഉമ്മന്‍ചാണ്ടി വഴിവിട്ട് സഞ്ചരിച്ചതിന്റെ ഏടാണ് സോളാര്‍ കേസ്: പിണറായി

ആലപ്പുഴ/ കോട്ടയം: ഉമ്മന്‍ചാണ്ടി വഴിവിട്ടു സഞ്ചരിച്ചതിന്റെ ഏടാണ് സോളാര്‍ കേസെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ആലപ്പുഴയില്‍ എല്‍ഡിഎഫിന്റെ കലക്ടറേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതി ആരോപണത്തില്‍ കോടതി ഇടപെട്ടിട്ടും അധികാരം വിട്ടൊഴിയാന്‍ തയ്യാറാവാത്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുതിയ മാതൃക സൃഷ്ടിക്കുകയാണ്. സോളാര്‍ തട്ടിപ്പ് ടീമിന്റെ നായകനാണ് ഉമ്മന്‍ചാണ്ടി. ഇപ്പോള്‍ രാജിവച്ചില്ലെങ്കില്‍ ഉമ്മന്‍ചാണ്ടിക്ക് നാണംകെട്ട് ഓടേണ്ടി വരുമെന്നും പിണറായി പറഞ്ഞു.അധികാരത്തിലിരുന്ന് തെളിവു നശിപ്പിച്ചും ഉദേ്യാഗസ്ഥരെ സ്വാധീനിച്ചും അന്വേഷണ റിപോര്‍ട്ട് അനുകൂലമാക്കാമെന്ന്് ഉമ്മന്‍ചാണ്ടി തെളിയിച്ചു.

സോളാര്‍ ടീമിന്റെ അംബാസഡറായി ഉമ്മന്‍ചാണ്ടി അധപ്പതിച്ചത് ആരുമായി കൂട്ടുകൂടിയതുകൊണ്ടാണെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രിയേക്കാള്‍ ഒരു സ്ത്രീക്ക് അധികാരമുണ്ടാവുന്നതെങ്ങനെയെന്നും സരിത എസ് നായരെ പരാമര്‍ശിച്ച് അദ്ദേഹം ചോദിച്ചു. സരിതയ്ക്ക് ഉമ്മന്‍ചാണ്ടിയുടെ മേല്‍ ശക്തമായ നിയന്ത്രണം ഉണ്ടെന്ന് തെളിയിക്കുന്നതാണ് വര്‍ത്തമാനകാല സംഭവ വികാസങ്ങള്‍. സോളാര്‍ കമ്മീഷന്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇടതുപക്ഷത്തുള്ളവരെല്ലാം ഹാജരായി മൊഴി നല്‍കി. എന്നാല്‍ മാധവന്‍ എംഎല്‍എ അടക്കമുള്ള കോണ്‍ഗ്രസ്സുകാര്‍ ഇപ്പോഴും ഹാജരായിട്ടില്ല.

സോളാര്‍ കേസ് മാത്രമല്ല മറ്റ് പല കേസുകളും ഇപ്രകാരം അട്ടിമറിച്ചുവെന്നും പിണറായി ആരോപിച്ചു. ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാന്‍ അര്‍ഹതയില്ല. ഒരു കോടി വാങ്ങിയ മാണി പുറത്തായപ്പോള്‍ പത്ത് കോടി വാങ്ങിയ കെ ബാബു മന്ത്രിസഭയില്‍ തുടരുന്നത് ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞു.സോളാര്‍ വിഷയത്തില്‍ തെളിവ് പുറത്തു വരാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സര്‍ക്കാര്‍ എടുത്തിരുന്നുവെന്ന് പിണറായി കോട്ടയത്ത് പറഞ്ഞു. ബിജുവിനെയും കൊണ്ട് തെളിവെടുക്കാന്‍ കമ്മീഷന്‍ പോയപ്പോള്‍ എങ്ങോട്ടാണ് പോവുന്നതെന്ന് സരിത വെളിപ്പെടുത്തിയത് ഇതിനുദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it