Flash News

ഉമ്മന്‍ചാണ്ടി രാഹുലിനെ നിലപാട് അറിയിച്ചു : കെപിസിസി അധ്യക്ഷനാവാനില്ല



ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷനാവാനില്ലെന്ന് കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. അഞ്ചു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ ഒന്നും ഏറ്റെടുക്കാനില്ലെന്ന തന്റെ നിലപാട് രാഹുല്‍ഗാന്ധിയുമായി ഇന്നലെ നടന്ന ചര്‍ച്ചയില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്ന് ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഉമ്മന്‍ചാണ്ടി കെപിസിസി അധ്യക്ഷനാവണമെന്നായിരുന്നു ഗ്രൂപ് വ്യത്യാസമില്ലാതെ എല്ലാവരുടെയും ആവശ്യം. ഇക്കാര്യം കഴിഞ്ഞ ദിവസം രാഹുല്‍ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം കെ മുരളീധരന്‍ പരസ്യമായി വ്യക്തമാക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ യുഡിഎഫിലെ ഘടകകക്ഷികള്‍ക്കുകൂടി പൊതുസമ്മതനായ ഉമ്മന്‍ചാണ്ടിയെ പാര്‍ട്ടി അധ്യക്ഷനാക്കാന്‍ തന്നെയാണ് ഹൈക്കമാന്‍ഡിനും താല്‍പര്യം. എന്നാല്‍, തല്‍ക്കാലം കെപിസിസി അധ്യക്ഷനാവാനില്ലന്നും പുതിയ കെപിസിസി അധ്യക്ഷനെ സംഘടനാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരനും കോണ്‍ഗ്രസ് കേന്ദ്ര സംഘടനാ തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ഇന്നലെ വൈകുന്നേരം രാഹുല്‍ഗാന്ധിയുമായി ചര്‍ച്ച നടത്തി. പുതിയ കെപിസിസി അധ്യക്ഷന്റെ കീഴില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാടാണ് സുധീരന്‍ രാഹുല്‍ഗാന്ധിയെ അറിയിച്ചത്. സുധീരനെ ദേശീയതലത്തില്‍ ഏതെങ്കിലും പദവിയിലേക്ക് പരിഗണിക്കുന്നുണ്ടോ എന്ന ചോദ്യത്തോട്, അങ്ങനെ ഒരു പദവിയെക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കുന്നില്ലെന്നും താന്‍ ആരോഗ്യ പരമായ അവസ്ഥ മെച്ചപ്പെടുത്തുന്നതിന് ആയുര്‍വേദ ചികില്‍സയിലേക്ക് നീങ്ങുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പദവിയുണ്ടോ ഇല്ലയോ എന്നത് തനിക്ക് പ്രശ്‌നമല്ലെന്നും കോണ്‍ഗ്രസ്സിനു വേണ്ടിയും ജനങ്ങള്‍ക്ക് വേണ്ടിയും സാധിക്കുന്ന രീതിയില്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it