thrissur local

ഉമ്മന്‍ചാണ്ടി രാത്രി ബിജെപിക്കാരന്‍

തൃശൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പകല്‍ കോണ്‍ഗ്രസ്സുകാരനും രാത്രി ബിജെപിക്കാരനുമാണെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. ഇടതുപക്ഷജനാധിപത്യ മുന്നണി കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുവശത്ത് ധര്‍മശാസ്താവിന്റെയും മറുവശത്ത് പുണ്യാളന്റെയും പടവുമായി നടക്കുന്ന പാഷണം വര്‍ക്കിയായി ഉമ്മന്‍ ചാണ്ടി മാറിയിരിക്കുകയാണ്. സംസ്ഥാനത്ത് തൊട്ടതിനെല്ലാം വിലകയറ്റമാണ്. ഇതിനെതിരെ സംസാരിക്കാന്‍ ഉമ്മന്‍ ചാണ്ടി തയാറായിട്ടില്ല. ഇതുവഴി ഏറ്റവും വലിയ ചൂഷകന്‍മാരായ വ്യാപാരികള്‍ക്ക് അഴിഞ്ഞാടാനുള്ള സാഹചര്യം ഉമ്മന്‍ ചാണ്ടി സൃഷ്ടിച്ചു നല്‍കുകയാണ്. അഴിമതിക്കെതിരേ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥരെയും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പീഡിപ്പിക്കുകയാണ്.
ബാര്‍കോഴ കേസ് പുറത്തുകൊണ്ടുവന്ന ജേക്കബ് തോമസിനെ ഫയര്‍ഫോഴ്‌സിലേയ്ക്ക് മാറ്റി. ഫയര്‍ഫോഴ്‌സിലെത്തിയ അദ്ദേഹം ഫഌറ്റ് മാഫിയകള്‍ക്കെതിരേ തിരിഞ്ഞപ്പോള്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുകയാണ്. കൂടാതെ ഭക്ഷ്യ സുരക്ഷയ്ക്കായി നടപടിയെടുത്ത അനുപമ ഐഎഎസിനെതിരെയും സര്‍ക്കാര്‍ നടപടിയെടുക്കുകയാണ്. മൈക്രോഫിനാന്‍സ് തട്ടിപ്പ് തെളിഞ്ഞാല്‍ താന്‍ തൂക്കു മരത്തില്‍ കയറുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറയുകയുണ്ടായി എന്നാല്‍ ആരും അഴിമതിയുടെ പേരില്‍ തൂക്കു മരം കേറേണ്ടി വന്നിട്ടില്ല. പക്ഷെ പൂജപ്പുര ജയിലില്‍ കേറേണ്ടി വരും.
മൈക്രോഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിയ്ക്ക് പരാതി നല്‍കി മൂന്നാഴ്ച കഴിഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. തെക്കേ ഗോപുര നടന്ന പരിപാടിയില്‍ പി ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി കെ പി രാജേന്ദ്രന്‍, സിപിഎം ജില്ലാ സെക്രട്ടറി എസി മൊയ്തീന്‍, കെ രാധാകൃഷ്ണന്‍ എംഎല്‍എ, പി കെ ബിജു എംപി, പി കെ ഷാജന്‍,യു പി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it