ഉമ്മന്‍ചാണ്ടി, മന്ത്രി കെ ബാബു എന്നിവര്‍ക്ക് എതിരേ ആരോപണം

കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മാണ പദ്ധതിക്കും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, തുറമുഖ മന്ത്രിയായിരുന്ന കെ ബാബു എന്നിവര്‍ക്കുമെതിരേ വിഴിഞ്ഞം കമ്മീഷന്റെ സിറ്റിങില്‍ കടുത്ത ആരോപണങ്ങള്‍. പദ്ധതിക്കെതിരേ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ച എ ജെ വിജയന്‍, ഹൈക്കോടതിയില്‍ ഹരജി നല്‍കിയ എം കെ സലീം, കെ എസ് ഡൊമിനിക് എന്നിവരാണ് ഇന്നലെ നടന്ന സിറ്റിങില്‍ കമ്മീഷന്‍ മുമ്പാകെ മുന്‍ സര്‍ക്കാരിന്റെ നിലപാടുകളെ ചോദ്യംചെയ്തത്. കരാര്‍ സംബന്ധിച്ച സിഎജി റിപോര്‍ട്ടിനെ ഖണ്ഡിക്കുന്ന വാദങ്ങളാണു മൂവരും ഉന്നയിച്ചത്. ഇക്കാര്യം പരിശോധിക്കുമെന്നു കമ്മീഷന്‍ അറിയിച്ചു. പദ്ധതി സര്‍ക്കാരിന് നഷ്ടംവരുത്തുന്നതാണെന്നും അതിനു പിന്നില്‍ സാമ്പത്തിക ഇടപാടുകളുണ്ടെന്നുമായിരുന്നു സലീമിന്റെ ആരോപണങ്ങള്‍. വിഴിഞ്ഞത്ത് അദാനി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതു റിയല്‍ എസ്റ്റേറ്റ് പദ്ധതിയാണെന്നായിരുന്നു എ ജെ വിജയന്റെ വാദം. 2019ല്‍ ആരംഭിക്കുന്ന തുറമുഖത്തു നിന്ന് 2054ല്‍ 3421 കോടിയുടെ വരുമാനമാണു ലഭിക്കുന്നതെങ്കില്‍ റിയല്‍ എസ്റ്റേറ്റില്‍ നിന്ന് 4401 കോടി ലഭിക്കും. അതാണ് അദാനി ഗ്രൂപ്പിന്റെ ലക്ഷ്യം. അദാനി ഉള്‍പ്പെടെ മൂന്നു കമ്പനികള്‍ യോഗ്യതാപത്രം സമര്‍പ്പിച്ചിട്ടും 2015 ഫെബ്രുവരിയില്‍ നടന്ന ടെന്‍ഡറില്‍ ഒരാളും പങ്കെടുത്തില്ല. എന്നാല്‍ ഏപ്രിലില്‍ ടെന്‍ഡര്‍ വിളിച്ചപ്പോള്‍ അദാനി മാത്രമാണു പങ്കെടുത്തത്. കരാര്‍ വ്യവസ്ഥകള്‍ ഉദാരമാക്കിയിട്ടും എന്തുകൊണ്ട് അങ്ങനെ സംഭവിച്ചുവെന്ന് അന്വേഷിക്കണം.
സര്‍വകക്ഷി യോഗത്തില്‍ അദാനി ഗ്രൂപ്പിന് അനുകൂലമായി തയ്യാറാക്കിയ ഫീസിബിലിറ്റി റിപോര്‍ട്ട് നല്‍കിയിരുന്നില്ല. നല്‍കിയിരുന്നെങ്കില്‍ റിയല്‍ എസ്റ്റേറ്റ് പദ്ധതിയെന്നു തിരിച്ചറിഞ്ഞു രാഷ്ട്രീയനേതാക്കള്‍ പദ്ധതി തള്ളിയേനെ. രണ്ട് ആഡംബര ഹോട്ടല്‍ ഉള്‍പ്പെടെയുള്ളവയാണ് വിഴിഞ്ഞം പദ്ധതിയുടെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നടപ്പാക്കുന്നതെന്നു റിപോര്‍ട്ടില്‍ വ്യക്തമാണ്. 2015 ജനുവരിയില്‍ നടന്ന ഉന്നതാധികാര കമ്മിറ്റി യോഗത്തിന്റെ മിനുട്‌സിലെ ഏതാനും കാര്യങ്ങളാണു സര്‍വകക്ഷി യോഗത്തില്‍ വിതരണം ചെയ്തത്. പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ എസ്ആര്‍ഇഐ ഒഎച്ച്എല്‍ കണ്‍സോര്‍ഷ്യം കാലാവധി നീട്ടി ചോദിച്ചതും മലേസ്യന്‍ സര്‍ക്കാരിന്റെ കമ്പനിയെ പരിഗണിക്കണമെന്ന ആവശ്യം തള്ളിയതുമുള്‍പ്പെടെയുള്ള രേഖകള്‍ ഇവയില്‍നിന്നു നീക്കിയിരുന്നു.
വസ്തുതകള്‍ മറച്ചുവയ്ക്കാന്‍ ശ്രമിച്ചതിനു കൂട്ടുനിന്ന അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, തുറമുഖ മന്ത്രി കെ ബാബു എന്നിവര്‍ക്കെതിരേ നടപടി വേണം. കടലില്‍ കൃത്രിമമായി നിര്‍മിക്കുന്ന തുറമുഖം പരിസ്ഥിതിയെ ബാധിക്കും. ബ്രേക്ക്‌വാട്ടര്‍ കെട്ടിയാല്‍ ഒരു ഭാഗത്തു തീരം സൃഷ്ടിക്കപ്പെടുകയും മറുഭാഗത്ത് ഇല്ലാതാവുകയും ചെയ്യുമെന്നും അദ്ദേഹം കമ്മീഷനെ അറിയിച്ചു. പദ്ധതി പൊതു ഖജനാവ് കൊള്ളയടിക്കുന്നതാണെന്നു കെ എസ് ഡൊമിനിക്കും വാദിച്ചു. പദ്ധതി തുകയുടെ 62 ശതമാനം സര്‍ക്കാരാണു നല്‍കുന്നത്. 38 ശതമാനമാണ് അദാനിയുടെ വിഹിതം. മാത്രമല്ല അദാനിക്കു വായ്പയെടുക്കാന്‍ പണയാധാരം നല്‍കുന്ന ഭൂമി സര്‍ക്കാരിന്റേതാണെന്നും ഡൊമനിക് അരോപിക്കുന്നു.
Next Story

RELATED STORIES

Share it