Flash News

ഉമ്മന്‍ചാണ്ടി ദേശീയ രാഷ്ട്രീയത്തിലേക്ക്‌ ; എഐസിസി ജനറല്‍ സെക്രട്ടറി പദവി

ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. ആന്ധ്രപ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായാണ് ഉമ്മന്‍ചാണ്ടിയുടെ നിയമനം.
എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിങിനെ മാറ്റിയാണ് ഉമ്മന്‍ചാണ്ടിക്ക് ആന്ധ്രയുടെ ചുമതല നല്‍കിയിരിക്കുന്നത്. ഇതോടെ കോണ്‍ഗ്രസ്സിന്റെ ദേശീയ ഉന്നതതല സമിതിയായ വര്‍ക്കിങ് കമ്മിറ്റിയിലും അദ്ദേഹം അംഗമാകും. എഐസിസി ജനറല്‍ സെക്രട്ടറി അശോക് ഗെഹ്‌ലോട്ടാണ് ഉമ്മന്‍ചാണ്ടിയെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചുകൊണ്ടുള്ള ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനം ഔദ്യോഗികമായി അറിയിച്ചത്.
ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിനു ശേഷം പാര്‍ട്ടി വര്‍ക്കിങ് കമ്മിറ്റി പുനസ്സംഘടിപ്പിച്ചിരുന്നില്ല. നിലവില്‍ എ കെ ആന്റണി, കെ സി വേണുഗോപാല്‍ എന്നിവരാണ് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍ കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍. ഇവര്‍ക്കു പുറമേ ഡല്‍ഹിയുടെ ചുമതലയുള്ള പി സി ചാക്കോ, ശശി തരൂര്‍ എംപി തുടങ്ങിയവരും വര്‍ക്കിങ് കമ്മിറ്റിയില്‍ എത്തുമെന്നാണ് സൂചന.
ലോക്‌സഭാ എംപിയും അസമില്‍ നിന്നുള്ള യുവനേതാവുമായ ഗൗരവ് ഗൊഗോയിയെയും എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. അസമിലെ മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ മകനാണ് ഗൗരവ്. ആന്തമാന്‍-നിക്കോബാര്‍ ദ്വീപുകളുടെ ചുമതലയാണ്  ഗൊഗോയിക്കു നല്‍കിയിരിക്കുന്നത്. സി പി ജോഷിയെ മാറ്റിയാണ് ഗൊഗോയിയെ നിയമിച്ചിരിക്കുന്നത്. ഇരുവരും ജനറല്‍ സെക്രട്ടറിമാരായി ഉടനെ ചുമതലയേല്‍ക്കുമെന്നും അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.
അടുത്ത വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്ന ആന്ധ്രപ്രദേശിന്റെ ചുമതല ഉമ്മന്‍ചാണ്ടിക്കു നല്‍കിയതിലൂടെ വലിയ ഉത്തരവാദിത്തമാണ് കോണ്‍ഗ്രസ് ഹൈകമാന്‍ഡ് കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ ഏല്‍പിച്ചിരിക്കുന്നത്. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തില്‍ പ്രതിപക്ഷ നേതാവിന്റേത് ഉള്‍പ്പെടെയുള്ള ചുമതലകളില്‍ നിന്ന് ഒഴിഞ്ഞുനിന്നിരുന്ന ഉമ്മന്‍ചാണ്ടി ദേശീയ രാഷ്ട്രീയത്തിലേക്കു കടക്കുമെന്ന് നേരത്തെത്തന്നെ സൂചനകളുണ്ടായിരുന്നു.
കഴിഞ്ഞ നിയമസഭാ-ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിനു കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയാതിരുന്ന സംസ്ഥാനമാണ് ആന്ധ്രപ്രദേശ്. മുന്നണിബന്ധം മെച്ചപ്പെടുത്തി വൈഎസ്ആര്‍ കോണ്‍ഗ്രസ്സിനെ ഉള്‍പ്പെടെ കൂടെ നിര്‍ത്തി കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തുക എന്ന ചുമതലയാണ് ആന്ധ്രയില്‍ ഉമ്മന്‍ചാണ്ടിയെ കാത്തിരിക്കുന്നത്.
Next Story

RELATED STORIES

Share it