ഉമ്മന്‍ചാണ്ടി തെറ്റായ വാദങ്ങള്‍ ഉന്നയിക്കുകയാണെന്നു സര്‍ക്കാര്‍

കൊച്ചി: സോളാര്‍ തട്ടിപ്പ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപോര്‍ട്ടിനെ ചോദ്യംചെയ്തു സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തെറ്റായ വാദങ്ങളാണ് ഉന്നയിക്കുന്നതെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് തയ്യാറാക്കിയ കുറിപ്പ് ഇപ്പോള്‍ രേഖകളില്‍ കാണാനില്ല. ഹരജിയില്‍ പോലും പറയാത്ത വാദങ്ങളാണ് ഉമ്മന്‍ചാണ്ടി വാക്കാല്‍ കോടതിയില്‍ ഉന്നയിക്കുന്നതെന്ന് ആഭ്യന്തര അണ്ടര്‍ സെക്രട്ടറി എം പി പ്രിയമോള്‍ സമര്‍പ്പിച്ച അധിക മറുപടി സത്യവാങ്മൂലം പറയുന്നു. വെറും ആരോപണങ്ങളുടെ പുറത്താണു സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിച്ചതെന്ന് ഉമ്മന്‍ചാണ്ടി കഴിഞ്ഞദിവസം വാദിച്ചിരുന്നു. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ കേസെടുത്തോ, സ്വകാര്യ പരാതി നല്‍കിയോ ആണ് നേരിടേണ്ടത്. ഇത്തരം ആരോപണങ്ങള്‍ കമ്മീഷന്‍ രൂപീകരിച്ചല്ല പരിശോധിക്കേണ്ടത്. അതിന് ക്രിമിനല്‍ നടപടി ചട്ടങ്ങള്‍ പ്രകാരമുള്ള നടപടികളാണു സ്വീകരിക്കേണ്ടതെന്നും അദ്ദേഹം വാദിച്ചിരുന്നു. ഈ വാദങ്ങള്‍ക്കാണ് ഇന്നലെ സര്‍ക്കാര്‍ മറുപടി നല്‍കിയത്.
2013 ജൂണ്‍ 12നു പ്രതിപക്ഷ നേതാവ് സോളാര്‍വിഷയം നിയമസഭയില്‍ ഉന്നയിച്ചിരുന്നതായി സത്യവാങ്മൂലം പറയുന്നു. വിഷയം 14, 15, 19, 20, ജൂലൈ 8, 9 തിയ്യതികളില്‍ സഭയില്‍ ചര്‍ച്ച ചെയ്തു. ഉമ്മന്‍ചാണ്ടി തന്നെ 100ഓളം ചോദ്യങ്ങള്‍ക്ക് നേരിട്ട് മറുപടി നല്‍കി. അന്വേഷണം ആവശ്യപ്പെട്ട് ആഗസ്ത് 13, 14 തിയ്യതികളില്‍ പ്രതിപക്ഷം നിയമസഭ ഉപരോധിച്ചു. തുടര്‍ന്ന് 14ന് ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിക്കുന്നതായി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. 16നു ചേര്‍ന്ന മന്ത്രിസഭാ യോഗം ഹൈക്കോടതി സിറ്റിങ് ജഡ്ജിയെ കൊണ്ട് ആരോപണങ്ങള്‍ അന്വേഷിപ്പിക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. മന്ത്രി സഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് തയ്യാറാക്കിയ കുറിപ്പ് ഇപ്പോള്‍ രേഖകളില്‍ കാണാനില്ല.  2013 ഒക്ടോബര്‍ 10നാണു മന്ത്രിസഭാ യോഗം ജുഡീഷ്യല്‍ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ചത്.  പൊതു പ്രാധാന്യമുള്ള വിഷയമായതിനാല്‍ കമ്മീഷന്‍ അന്വേഷണം വേണമെന്നായിരുന്നു സര്‍ക്കാരിന്റെ അഭിപ്രായം. സോളാര്‍ കമ്മീഷന്‍ സിറ്റിങില്‍ ഉമ്മന്‍ചാണ്ടി നിരവധി തവണ നേരിട്ടും അഭിഭാഷകന്‍ വഴിയും പങ്കെടുത്തിരുന്നു. അദ്ദേഹത്തെ മറ്റുള്ളവര്‍ ക്രോസ് വിസ്താരം നടത്തിയിരുന്നതായും സത്യവാങ്മൂലം പറയുന്നു. കേസ് ഈ മാസം 17നു ഹൈക്കോടതി വീണ്ടും പരിഗണിക്കും.
അതേസമയം, സോളാര്‍ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട് ഒരു രേഖയും യുഡിഎഫ് സര്‍ക്കാര്‍ പോരുന്നതു വരെ നഷ്ടപ്പെട്ടിട്ടില്ലെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോളാര്‍ കമ്മീഷന്‍ നിയമനത്തിലെ മന്ത്രിസഭാ രേഖകള്‍ കാണാനില്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിനോട് കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അക്രമരാഷ്ട്രീയത്തിനും വിഭാഗീയതയ്ക്കുമെതിരേ ജനം വിധിയെഴുതും. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യാതൊരു തര്‍ക്കവുമില്ല. എല്‍ഡിഎഫിന് കേരളത്തില്‍ പറഞ്ഞാല്‍ മതി, തങ്ങള്‍ക്കു തീരുമാനം ഡല്‍ഹിയില്‍ നിന്ന് വരണം.കെ സുധാകരന്‍ ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന വിവാദത്തെക്കുറിച്ച് താനും കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി. ബാര്‍ കോഴക്കേസില്‍ കെ എം മാണി കുറ്റക്കാരനല്ലെന്ന നയമാണ് അന്നും ഇന്നും സ്വീകരിക്കുന്നത്. കെ എം മാണി തിരിച്ചുവരണമെന്നാണു കോണ്‍ഗ്രസ്സിന്റെ ആഗ്രഹം. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേരളാ കോണ്‍ഗ്രസ്സാണെന്നും ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു.
Next Story

RELATED STORIES

Share it