ഉമ്മന്‍ചാണ്ടിയെ പരിഹസിച്ചു ഫേസ്ബുക്ക് പോസ്റ്റ്; മുഖ്യമന്ത്രിയുടെ ഐടി വികസനം ഇന്റര്‍ നാഷനല്‍ തട്ടിപ്പ്: വിഎസ്

തിരുവനന്തപുരം: ഐടി വികസനത്തിന്റെ പേരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കടന്നാക്രമിച്ച് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രിക്ക് ഐടി എന്നാല്‍ ഇന്റര്‍നാഷനല്‍ തട്ടിപ്പാണെന്ന് പറഞ്ഞ വിഎസ് ഇന്‍ഫോസിസിനെ പോലുള്ള വന്‍കിട ഐടി കമ്പനികള്‍ ഉമ്മന്‍ചാണ്ടിയുടെ തട്ടിപ്പിനിരയായെന്നും വി എസ് ആരോപിച്ചു.
ഫേസ്ബുക്കിലെ തന്റെ ഔദ്യോഗിക അക്കൗണ്ടിലാണ് ഉമ്മന്‍ചാണ്ടിയെ കണക്കിന് പരിഹസിച്ചും വിമര്‍ശിച്ചും വിഎസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ ഐടി നയത്തില്‍ പ്രതിഷേധിച്ച് കേരളത്തില്‍ ആരംഭിക്കാന്‍ ഉദ്ദേശിച്ച തങ്ങളുടെ പുതിയ സംരംഭം ഉപേക്ഷിക്കുന്നതായി കാണിച്ച് ഇന്‍ഫോസിസ് മുഖ്യമന്ത്രിക്കയച്ച കത്തിന്റെ കോപ്പിയും പോസ്റ്റിനൊപ്പം വിഎസ് നല്‍കിയിട്ടുണ്ട്.
രാജ്യത്തെ തന്നെ ഏറ്റവും വലിയ ഐടി സ്ഥാപനമാണ് ഇന്‍ഫോസിസ്. ഇപ്പോള്‍ തന്നെ 11,000 പേര്‍ക്ക് ജോലി നല്‍കുന്ന ഒരു ക്യാംപസ് ഇന്‍ഫോസിസിനുണ്ട്. 50 ഏക്കര്‍ സ്ഥലത്ത് പതിനായിരം പേര്‍ക്കു കൂടി തൊഴില്‍ നല്‍കുന്ന മറ്റൊരു ക്യാംപസും ഇന്‍ഫോസിസ് പ്രഖ്യാപിച്ചിരുന്നു. 2012 ഏപ്രിലില്‍ ഇന്‍ഫോസിസ് 47 കോടി രൂപ നല്‍കി ഈ പദ്ധതിയുടെ ധാരണാപത്രവും ഒപ്പു വച്ചതാണ്.
എന്നാല്‍, 2015 മെയില്‍ ഈ സ്ഥാപനം ഈ തുക മടക്കിവാങ്ങുകയും പദ്ധതിയില്‍ നിന്ന് പിന്‍മാറുകയും ചെയ്തു. 2015 മെയ് 18നും അതേ മാസം 29നും മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച കത്തില്‍ ഈ സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ടാണ് പിന്‍മാറുന്നത് എന്നവര്‍ വ്യക്തമാക്കിയിരുന്നു.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് ലഭിച്ച സഹകരണത്തെക്കുറിച്ച് ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു. ഇന്‍ഫോസിസിനെപോലെ ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിച്ച ക്യാംപ് ജെമിനി, അക്‌സഞ്ചര്‍ എന്നിവയും പിന്‍മാറി. എന്നിട്ടും ഐടി വികസനത്തെ പറ്റി സംസാരിക്കാനുള്ള തൊലിക്കട്ടി മുഖ്യമന്ത്രി—ക്കുണ്ടാവുന്നു എന്നതാണ് അതിശയം. ഉമ്മന്‍ചാണ്ടിയുടെ ഐടി വികസനം സന്തോഷ് മാധവന്റെ പാടത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
Next Story

RELATED STORIES

Share it