Flash News

ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും ചിത്രങ്ങള്‍ പതിപ്പിച്ച് ശവപ്പെട്ടി

കൊച്ചി: കോണ്‍ഗ്രസ്സിന്റെ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ്സിനു വിട്ടുനല്‍കിയതിനെതിരേ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരേ പ്രതിഷേധം തുടരുന്നു. എറണാകുളത്ത് ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ചിത്രങ്ങള്‍ പതിപ്പിച്ച് ശവപ്പെട്ടിയും റീത്തും വച്ചു പ്രതിഷേധം.
എറണാകുളം ഡിസിസി ഓഫിസിനു മുന്നിലാണ് സേവ് കോണ്‍ഗ്രസ് എന്നപേരില്‍ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ആദരാഞ്ജലികള്‍ എന്ന് എഴുതി റീത്തും ശവപ്പെട്ടിയും വച്ചു പ്രതിഷേധം നടത്തിയത്. ഓഫിസിനു മുന്നിലെ കൊടിക്കാലില്‍ കരിങ്കൊടിയും കെട്ടിയിരുന്നു. ഓഫിസിന്റെ ചില്ലുവാതിലിലാണ് പോസ്റ്ററുകള്‍ പതിച്ചത്. രാവിലെ എട്ടോടെ ഡിസിസി ഓഫിസിലെത്തിയ ജീവനക്കാര്‍ ഇവയെല്ലാം എടുത്തുമാറ്റിയെങ്കിലും അതിനു മുമ്പു തന്നെ ഇവയുടെ ദൃശ്യങ്ങള്‍ വാര്‍ത്താ മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. അഭിപ്രായങ്ങള്‍ പറയാന്‍ എല്ലാവര്‍ക്കും അവസരങ്ങളുണ്ട് പക്ഷേ, ഇത്തരത്തിലുള്ള പ്രതിഷേധം പാര്‍ട്ടിയെന്ന നിലയില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ് പറഞ്ഞു. ശവപ്പെട്ടിയും റീത്തും സ്ഥാപിച്ചതിനെതിരേ ഡിസിസി എറണാകുളം സെന്‍ട്രല്‍ പോലിസില്‍ പരാതി നല്‍കി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ്സിനു വിട്ടുനല്‍കിയതിനെതിരേ കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എന്നിവരുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടി നടത്താന്‍ തുടങ്ങിയിരുന്നെങ്കിലും നേതൃത്വം ഇടപെട്ട് തടഞ്ഞിരുന്നു. പ്രതിഷേധ പരിപാടി നടത്തിയാല്‍ സംഘടനയില്‍ നിന്നു പുറത്താക്കുമെന്ന് ഇവരെ ഭീക്ഷണിപ്പെടുത്തിയിരുന്നുവെന്നും ഇതേത്തുടര്‍ന്ന് ഇവര്‍ പിന്മാറിയെന്നുമാണ് അറിയുന്നത്. ഇതിനുപിന്നാലെയാണ് ഇന്നലെ ഡിസിസി ഓഫിസിനു മുന്നില്‍ തന്നെ ശവപ്പെട്ടി വച്ച് പ്രതിഷേധം ഉണ്ടായിരിക്കുന്നത്. പ്രതിഷേധം നടത്തിയവരെ കണ്ടെത്താന്‍ കോണ്‍ഗ്രസ് രഹസ്യമായി അന്വേഷണം ആരംഭിച്ചതായാണ് വിവരം.
Next Story

RELATED STORIES

Share it