ഉമ്മന്‍ചാണ്ടിയും പിണറായിയും തന്റെ രക്തത്തിനായി ദാഹിക്കുന്നു: കുമ്മനം

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും തന്റെ രക്തത്തിനുവേണ്ടി ദാഹിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. തന്നെ ചിലര്‍ വേട്ടയാടാന്‍ ശ്രമിക്കുകയാണ്. തന്റെ ജീവിതം അറിയാവുന്നവര്‍ തനിക്കെതിരേയുള്ള ആരോപണങ്ങള്‍ വിശ്വസിക്കില്ല. കേരളത്തിലെ പ്രശ്‌നങ്ങള്‍ പലതും ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സിബിസിഐ അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മീസ് കാതോലിക്കാ ബാവയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കുമ്മനം. ക്ഷേത്രത്തിനു സമീപം മറ്റു മതത്തിലുള്ളവര്‍ കച്ചവടം ചെയ്യരുതെന്ന് പറഞ്ഞിട്ടില്ല. വസ്തുതകള്‍ പരിശോധിക്കാതെയാണ് മുഖ്യമന്ത്രിയും പിണറായിയും പ്രതികരണം നടത്തിയത്.
ആരോപണങ്ങള്‍ തെറ്റാണെന്ന് ജീവിതംകൊണ്ട് തെളിയിക്കും. മൂല്യാധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളാവും തന്റെ ഭാഗത്തുനിന്ന് ഉണ്ടാവുക. ഞാന്‍ തീവ്രവാദിയാണ്; മതതീവ്രവാദിയാണ് തുടങ്ങിയ രീതിയിലാണ് പ്രചാരണങ്ങള്‍ നടക്കുന്നത്. ഹൃദയം തുറന്നുകാണിച്ചാലും ചെമ്പരത്തിയാണ് എന്നാണ് പറയുന്നതെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
ഇന്നലെ ഉച്ചയോടെ പട്ടം ബിഷപ് ഹൗസിലെത്തിയ കുമ്മനത്തെ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മീസ് കാതോലിക്കാ ബാവ സ്വീകരിച്ചു. തുടര്‍ന്ന് അര മണിക്കൂറോളം ബാവയും കുമ്മനവും ചര്‍ച്ച നടത്തി.ദീര്‍ഘനാളത്തെ ഹൃദയബന്ധമാണ് തനിക്ക് ക്ലീമിസ് തിരുമേനിയുമായി ഉള്ളതെന്നും മാധ്യമപ്രവര്‍ത്തകരോട് കുമ്മനം പറഞ്ഞു.ബിജെപി നേതാക്കളായ അഡ്വ. എസ് സുരേഷ്, ചെമ്പഴന്തി ഉദയന്‍, അഡ്വ.ഡാനി ജെ പോള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it