ഉമ്മന്‍ചാണ്ടിക്ക് ഭരണത്തില്‍ തുടരാന്‍ അര്‍ഹതയില്ല: വി എസ്

വടകര: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ എം മാണിയെ രക്ഷപ്പെടുത്താന്‍ വ്യഗ്രത കാണിച്ച ഉമ്മന്‍ചാണ്ടിക്ക് ഭരണത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. കേസ് കൃത്യമായി അന്വേഷിച്ച വിജിലന്‍സ് എസ്പി സുകേശനെ മാറ്റി നിര്‍ത്തി ഡയറക്ടര്‍ വിന്‍സന്‍ എം പോളിനെക്കൊണ്ട് നുണ പറയിച്ച് മാണിയെ രക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചെങ്കിലും വിലപ്പോയില്ല. ലജ്ജ അല്പമെങ്കിലുമുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നും വി എസ് കൂട്ടിച്ചേര്‍ത്തു.
രമേശ് ചെന്നിത്തല
ആലപ്പുഴ: ബാര്‍ കോഴക്കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവ് നിയമപരമായ സ്വാഭാവിക നടപടി മാത്രമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ആലപ്പുഴ പ്രസ് ക്ലബ്ബില്‍ നടന്ന മീറ്റ് ദ പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസില്‍ കുറ്റക്കാരായി കോടതി ആരേയും കണ്ടെത്തിയിട്ടില്ല. റിപോര്‍ട്ടില്‍ കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിടുക മാത്രമാണ് ചെയ്തത്. മാണി രാജി വയ്ക്കണമെന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ ആവശ്യത്തില്‍ കഴമ്പില്ല. േന്നും ചെന്നിത്തല പറഞ്ഞു.
എ കെ ആന്റണി
കണ്ണൂര്‍: ബാര്‍ കോഴക്കേസിലെ പുതിയ വിധി യുഡിഎഫിനെ ബാധിക്കില്ലന്ന് എ കെ ആ ന്റണി. ഇത്തരം ആരോപണങ്ങളും വിവാദങ്ങളും കത്തി നില്‍ക്കുമ്പോഴാണ് അരുവിക്കരയില്‍ ജയിച്ചത്. വിധിയെക്കുറിച്ച് കൂടുതല്‍ പഠിച്ച ശേഷം മറ്റു കാര്യങ്ങള്‍ പറയാമെന്നും അദ്ദേഹം പറഞ്ഞു.
വി എം സുധീരന്‍
തൊടുപുഴ: ബാര്‍ കോഴ കേസില്‍ മാണിക്കെതിരേ തുടരന്വേഷണം നടത്തണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് സംബന്ധിച്ച കാര്യങ്ങള്‍ ജനങ്ങള്‍ ചര്‍ച്ച ചെയ്യട്ടെയെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ഈ തിരഞ്ഞെടുപ്പില്‍ ഇതൊന്നും പ്രതിഫലിക്കുമെന്നു കരുതുന്നില്ല.കോടതി ഉത്തരവിന്റെ വിശദാംശങ്ങള്‍ അറിയില്ല. അത് പഠിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും സുധീരന്‍ പറഞ്ഞു.
ജോസഫ് പുതുശ്ശേരി
കോട്ടയം: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടത്താനുള്ള വിജിലന്‍സ് കോടതിയുടെ ഉത്തരവിനെ കേരളാ കോ ണ്‍ഗ്രസ് (എം) സര്‍വാത്മനാ സ്വീകരിക്കുന്നതായും ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് യാതൊരു സന്ദേഹവുമില്ലെന്നും ജനറല്‍ സെക്രട്ടറി ജോസഫ് എം പുതുശ്ശേരി പറഞ്ഞു.
പി സി ജോര്‍ജ്
ഇരിട്ടി: ബാര്‍ കോഴക്കേസില്‍ തന്റെ ആരോപണം ശരിയാണെന്ന് തെളിയുന്നതാണ് കോടതി വിധിയെന്നും കെ എം മാണി രാജി വയ്ക്കുന്നതാണ് നല്ലതെന്നും മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. പേരാവൂര്‍ പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി വിധി മറ്റു പലര്‍ക്കുമുള്ള ചൂണ്ടു പലകയാണ്. ബാര്‍ കോഴക്കേസില്‍ തന്റെ നിലപാട് ശരിയാണെന്ന് തെളിയിക്കുന്നതാണ് കോടതി വിധിയെന്നും പി സി ജോര്‍ജ് പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്‍
തിരുവനന്തപുരം: മാണിയുടെ രാജി വേണ്ടെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാട് നിയമവ്യവസ്ഥയോടും പാര്‍ലമെന്ററി ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോടതി വിധി വന്ന സാഹചര്യത്തില്‍ മാണി രാജിവയ്ക്കണം.
കോടതി വിധിക്കുശേഷവും മാണി പുറത്തുപോവാന്‍ തയ്യാറാവുന്നില്ലെങ്കില്‍ എല്‍ഡിഎഫ് അതിശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും കോടിയേരി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വൈക്കം വിശ്വന്‍
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടത്തണമെന്ന് വിജിലന്‍സ് കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ ധനമന്ത്രി കെ എം മാണി ഉടന്‍തന്നെ രാജിവച്ച് ഒഴിയണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. മാണി ഉടന്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാളെ എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വി മുരളീധരന്‍
കോട്ടയം: മന്ത്രി കെ എം മാണിക്കെതിരെ തുടരന്വേഷണം വേണമെന്ന് വിജിലന്‍സ് കോടതിയുടെ വിധി പുറത്തുവന്നതോടെ സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും സര്‍ക്കാര്‍ രാജിവയ്ക്കണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍. കോട്ടയം പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളാ കോണ്‍ഗ്രസ് (സെക്യുലര്‍)
കോട്ടയം: രാജ്യത്തെ നിയമ വ്യവസ്ഥയെയും ജനാധിപത്യ സംവിധാനത്തേയും അല്‍പ്പമെങ്കിലും മാനിക്കുന്നുവെങ്കില്‍ വിജിലന്‍സ് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി സ്ഥാനത്ത് നിന്നും കെ എം മാണി രാജിവച്ച് ഒഴിയണമെന്ന് കേരളാ കോണ്‍ഗ്രസ് (സെക്യുലര്‍) വക്താവ് മാലേത്ത് പ്രതാപചന്ദ്രന്‍ ആവശ്യപ്പെട്ടു.
പിഡിപി
കൊച്ചി: വിജിലന്‍സ് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാണിയെ മന്ത്രിയായി തുടരാനുവദിക്കുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും, മാണിയെ സംരക്ഷിച്ച് കേരളാ രാഷ്ട്രീയത്തെ ഇത്രയും ചീഞ്ഞളിഞ്ഞ അവസ്ഥയിലേക്ക് എത്തിച്ചതിന് ഭാവിതലമുറയോട് യുഎഡിഎഫിന് ഉത്തരം പറയേണ്ടി വരുമെന്നും പിഡിപി കേന്ദ്രകമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
സിപിഐ
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ ധനമന്ത്രി സ്ഥാനത്തു നിന്നും കെ എം മാണി ഉടനടി രാജിവയ്ക്കണമെന്നും മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.
സിപിഐ (എംഎല്‍) റെഡ്ഫഌഗ്
കൊച്ചി: ബാര്‍ കോഴക്കേസില്‍ മന്ത്രി മാണിക്കെതിരായ അന്വേഷണം തുടരാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന മന്ത്രിസഭ രാജിവയ്ക്കണമെന്ന് സിപിഐ(എംഎല്‍) റെഡ്ഫഌഗ് സംസ്ഥാന സെക്രട്ടറി പി സി ഉണ്ണിച്ചെക്കന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ഉഴവൂര്‍ വിജയന്‍
കോട്ടയം: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് വിജിലന്‍സ് കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ മാണിയെ മന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറവണമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it