Flash News

ഉമ്മന്‍ചാണ്ടിക്ക് നേരെ വധശ്രമം : എംഎല്‍എ അടക്കം 114 പ്രതികള്‍ ഹാജരാവണം



കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മുഴുവന്‍ പ്രതികളും കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം. കണ്ണൂര്‍ അഡീഷനല്‍ സബ് ജഡ്ജി ബിന്ദു സുധാകരനാണ് ഉത്തരവിട്ടത്. സി കൃഷ്ണന്‍ എംഎല്‍എ, മുന്‍ എംഎല്‍എ കെ കെ നാരായണന്‍ തുടങ്ങി 114 പ്രതികള്‍ക്കാണ് ഇന്നു കോടതിയില്‍ ഹാജരാകണമെന്നു കാട്ടി സമന്‍സ് അയച്ചത്. 2013 ഒക്ടോബര്‍ 27നു കണ്ണൂര്‍ പോലിസ് മൈതാനിയില്‍ സംസ്ഥാന പോലിസ് അത്്‌ലറ്റിക് മീറ്റിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സംഘം ചേര്‍ന്നു കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. കല്ലേറില്‍ പരിക്കേറ്റ  ഉമ്മന്‍ചാണ്ടി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധ സമരത്തിനിടെയാണ് ഉമ്മന്‍ചാണ്ടിക്കു നേരെ കല്ലേറുണ്ടായത്. ഉമ്മന്‍ചാണ്ടിക്കൊപ്പം കാറിലുണ്ടായിരുന്ന കെ സി ജോസഫ് എംഎല്‍എ, കോഴിക്കോട് ഡിസിസി സെക്രട്ടറിയായിരുന്ന ടി സിദ്ദീഖ് എന്നിവര്‍ക്കും കല്ലേറില്‍ പരിക്കേറ്റിരുന്നു. വധിക്കണമെന്ന ഉദ്ദേശ്യത്തോടെ മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന് ആക്രമിക്കാനായിരുന്നു പദ്ധതിയെന്ന് പോലിസ് തയ്യാറാക്കിയ എഫ്‌ഐആറില്‍ പറഞ്ഞിരുന്നത്. മുഖ്യമന്ത്രിക്ക് അകമ്പടി പോവുകയായിരുന്ന പോലിസ് വാഹനം തടഞ്ഞെന്നും പ്രതികള്‍ ഉമ്മന്‍ചാണ്ടിയുടെ വാഹനത്തിന്റെ വലതുവശത്തുകൂടി ഇരച്ചുകയറി കല്ലും മാരകായുധങ്ങളും മരവടി, ഇരുമ്പുവടി എന്നിവയും കൊണ്ട് എറിഞ്ഞു പരിക്കേല്‍പിക്കുകയായിരുന്നു എന്നുമാണ് ടൗണ്‍ എസ്‌ഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. കല്ലേറില്‍ മുഖ്യമന്ത്രിയുടെ വാഹനവും പോലിസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങളും തകര്‍ത്തതില്‍ അഞ്ചു ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും കുറ്റപത്രത്തില്‍ പറയുന്നു. അക്രമത്തില്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിരുന്നു. എസ്പി രാഹുല്‍ ആര്‍ നായര്‍, ഡിവൈഎസ്പി പി പി സുകുമാരന്‍, പ്രദീഷ് തോട്ടത്തില്‍, സിഐമാരായ പ്രദീപന്‍ കണ്ണപ്പൊയില്‍, വി കെ വിശ്വംഭരന്‍ നായര്‍, എസ്‌ഐമാരായ സനല്‍ കുമാര്‍, മനോജ് കുമാര്‍, ഷാജി പട്ടേരി, രാമകൃഷ്ണന്‍, കുട്ടികൃഷ്ണന്‍, പി കെ പ്രകാശന്‍, എം ഭദ്രനാഥ്, അരുണ്‍ദാസ്, പി ആസാദ്, സുരേന്ദ്രന്‍ കല്യാടന്‍, പി എ ഫിലിപ് തുടങ്ങിയവരടക്കം 253 സാക്ഷികളാണ് കേസിലുള്ളത്. പ്രതികള്‍ക്കു വേണ്ടി അഡ്വക്കറ്റുമാരായ കെ ആര്‍ സതീശന്‍, സി രേഷ്മ എന്നിവരാണ് ഹാജരാകുന്നത്.
Next Story

RELATED STORIES

Share it