Flash News

ഉമ്മന്‍ചാണ്ടിക്ക് അധികാരത്തില്‍ തുടരാന്‍ ധാര്‍മ്മിക അവകാശമില്ലെന്ന് കോടിയേരി

തിരുവനന്തപുരം :  ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ ധാര്‍മ്മിക അവകാശമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഉമ്മന്‍ചാണ്ടിസര്‍ക്കാരിന് കീഴില്‍ ബാര്‍കോഴക്കേസില്‍ അന്വേഷണം നിഷ്പക്ഷമാവില്ല എന്നതിനാല്‍ കേസ് അന്വേഷിക്കുന്നത് കോടതിയുടെ മേല്‍നോട്ടത്തിലാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേരിട്ട പരാജയം മുഖ്യമന്ത്രി അംഗീകരിക്കണമെന്നും തിരഞ്ഞെടുപ്പ് സര്‍ക്കാരിനുള്ള വിലയിരുത്തലാവുമെന്ന മുന്‍ നിലപാടില്‍ ഉമ്മന്‍ചാണ്ടി ഉറച്ചുനില്‍ക്കാത്തത് 2004ലെ ഓര്‍മ്മ വേട്ടയാടുന്നതിനാലാണെന്നും കോടിയേരി പറഞ്ഞു. അന്ന് മുഖ്യമന്ത്രിയായിരുന്ന ആന്റണിയെ പുകച്ചു പുറത്തു ചാടിക്കാന്‍ നേതൃത്വം നല്‍കിയ ഉമ്മന്‍ ചാണ്ടി ആന്റണി കാണിച്ച ധാര്‍മികത മാതൃകയാക്കുകയാണ് ഇപ്പോള്‍ വേണ്ടത്.
പാമോയില്‍, ടൈറ്റാനിയം, കണ്‍സ്യൂമര്‍ഫെഡ് അഴിമതികള്‍ അട്ടിമറിച്ചതുപോലെ ബാര്‍കോഴക്കേസും അട്ടിമറിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു. ഗോവധ നിരോധനം, ഘര്‍വാപസി തുടങ്ങിയകാര്യങ്ങളില്‍ കോണ്‍ഗ്രസിന് ഇതുവരെ ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
ജനുവരിയില്‍ എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര പഠന കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്ന്്് കോടിയേരി അറിയിച്ചു. വിവിധ മേഖലയില്‍നിന്നുള്ള പ്രമുഖരുടെ സാന്നിധ്യത്തില്‍ കേരള വികസനത്തിനായി സമഗ്രമായ രൂപരേഖ തയാറാക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക തയാറാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it