ഉമ്മന്‍ചാണ്ടിക്കെതിരേ രൂക്ഷവിമര്‍ശനവുമായി പി ജെ കുര്യന്‍

ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റ് വിവാദത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യന്‍. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിനു നല്‍കിയതിനെച്ചൊല്ലി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ഉമ്മന്‍ചാണ്ടിക്കെതിരേ പരസ്യവിമര്‍ശനമുന്നയിച്ചതിനു പിറകേയാണ് പിജെ കുര്യന്റെ പ്രതികരണം. മാണിക്ക് രാജ്യസഭാ സീറ്റ് വിട്ടുകൊടുത്തത് ബിജെപിക്കാണ് ഗുണംചെയ്യുകയെന്നും ഈ തീരുമാനം കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനു കാരണമാവുമെന്നും പിജെകുര്യന്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് തിരികെയെത്തിച്ചതും ഇതേ രീതിയിലാണ്. ഇക്കാര്യങ്ങളെല്ലാം വിവരിച്ച് രാഹുലിന് കത്ത് നല്‍കും. പാര്‍ട്ടിവേദികളില്‍ ചര്‍ച്ചചെയ്യാതെയാണ് സീറ്റ് വിട്ടുകൊടുത്തതെന്ന് രാഹുലിനേയും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകള്‍ വാസ്‌നിക്കിനേയും ധരിപ്പിക്കുമെന്നും പിജെ കുര്യന്‍ അറിയിച്ചു. സീറ്റ് നിഷേധിച്ചിട്ട് ഫോണില്‍ വിളിക്കാനുള്ള സാമാന്യ മര്യാദ പോലും ഉമ്മന്‍ചാണ്ടി കാട്ടിയില്ല. ചെന്നിത്തല വിളിച്ചു മാപ്പുചോദിച്ചു.  രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയത് തന്നേയും പി.സി ചാക്കോയോയും വെട്ടിനിരത്തുകയെന്ന ഉദ്യേശത്തോടെയാണെന്നും പിജെ കുര്യന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്ക് പാര്‍ട്ടിയേക്കാള്‍ വലുത് ഗ്രൂപ്പാണ്. എതിര്‍ക്കുന്നവരെ അദ്ദേഹം വെട്ടിവീഴ്ത്തും. 1981ല്‍ തനിക്ക് സീറ്റ് തന്നത് ഉമ്മന്‍ചാണ്ടിയല്ല, വയലാര്‍ രവിയാണ്.  വയലാര്‍ രവി വീട്ടിലെത്തി എന്റെ മാതാപിതാക്കളെ കണ്ട് നിര്‍ബന്ധിച്ചപ്പോഴാണ് ഞാന്‍ മല്‍സരിച്ചത്- അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it