ഉമ്മന്‍ചാണ്ടിക്കെതിരേ ചെറിയാന്‍ ഫിലിപ്; ചാരക്കേസിലെ രാഷ്ട്രീയചതി മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നു

തിരുവനന്തപുരം: ചാരക്കേസില്‍ കരുണാകരന്‍ രാജി വച്ചതില്‍ തനിക്കൊരു പങ്കുമില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് മുന്‍ കെപിസിസി സെക്രട്ടറിയും ഇടതുപക്ഷ സഹയാത്രികനുമായ ചെറിയാന്‍ ഫിലിപ്.
ചാരക്കേസിന്റെ പശ്ചാത്തലത്തിലാണ് കെ കരുണാകരന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സിലെ എ വിഭാഗം പരസ്യമായ കലാപത്തിനൊരുങ്ങിയത്. കരുണാകരന് നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതുകൊണ്ടാണ് രാജിവയ്‌ക്കേണ്ടിവന്നത്. ഇപ്പോള്‍ തെളിവെവിടെ എന്നു ചോദിക്കുന്ന ഉമ്മന്‍ചാണ്ടി ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞ തന്റെ രാഷ്ട്രീയ ചതിപ്രയോഗം മറച്ചുപിടിക്കാനാണ് ഇപ്പോഴും ശ്രമിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കൊച്ചി നിയമവേദി നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തില്‍ 1995 ജനുവരി മൂന്നിന് ഐജി രമണ്‍ ശ്രീവാസ്തവയ്ക്ക് ചാരവൃത്തിയില്‍ പങ്കുണ്ടെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ജനുവരി 13ന് കേന്ദ്ര ഇന്റലിജന്‍സ് രേഖകള്‍ ഉദ്ധരിച്ചുകൊണ്ടാണ് ശ്രീവാസ്തവയ്‌ക്കെതിരേ ഹൈക്കോടതി വിധിയുണ്ടായത്. കരുണാകരന് ചാരവൃത്തിയില്‍ പങ്കുണ്ടെന്നു പ്രചരിപ്പിക്കാനാണ് ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പും പിന്നീടു ശ്രമിച്ചത്. ശ്രീവാസ്തവ ചാരനെങ്കില്‍ കരുണാകനും ചാരനാണെന്ന യുക്തിയാണ് ഉമ്മന്‍ചാണ്ടി വളര്‍ത്തിയത്. കേരളത്തിലുടനീളം കരുണാകരന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എ ഗ്രൂപ്പ് പൊതുയോഗങ്ങള്‍ നടത്തി. ഈ യോഗങ്ങളെല്ലാം ഉദ്ഘാടനം ചെയ്തത് ഉമ്മന്‍ചാണ്ടിയായിരുന്നു. കരുണാകരന്‍ രാജിവയ്ക്കണം: ഉമ്മന്‍ചാണ്ടി എന്ന തലക്കെട്ടില്‍ എല്ലാ പത്രങ്ങളിലും വാര്‍ത്ത വന്നിരുന്നതായും അദ്ദേഹം ഫേസ്ബുക്കില്‍ പറയുന്നു.
Next Story

RELATED STORIES

Share it