ഉമര്‍ ഖാലിദിനെ വേട്ടയാടുന്നത്  മുസ്‌ലിം പേരു കാരണം

ന്യൂഡല്‍ഹി: തന്റെ സിമി പശ്ചാത്തലം വച്ചാണ് മകനെ മാധ്യമങ്ങളും പോലിസും വേട്ടയാടുന്നതെന്നും മുസ്‌ലിം പേരുള്ളതുകൊണ്ടാണ് അവനെ മാധ്യമവിചാരണയ്ക്കു വിധേയമാക്കുന്നതെന്നും ജെഎന്‍യു പരിപാടിയുടെ പ്രധാന ആസൂത്രകനെന്ന് പോലിസ് വിശേഷിപ്പിക്കുന്ന ഉമര്‍ ഖാലിദിന്റെ പിതാവും വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റുമായ എസ് ക്യു ആര്‍ ഇല്യാസ്. ഫെബ്രുവരി 9ന് ജെഎന്‍യുവില്‍ നടന്ന അഫ്‌സല്‍ഗുരു അനുസ്മരണ പരിപാടിയുടെ മുഖ്യ സംഘാടകരിലൊരാളായിരുന്ന ഉമര്‍ ഖാലിദ് ഇപ്പോള്‍ ഒളിവിലാണ്. കനയ്യയ്‌ക്കെന്ന പോലെ ഉമറിനു വേണ്ടിയും വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയിട്ടുണ്ട്.
1985ലാണ് താന്‍ സിമി വിടുന്നത്. അന്ന് ഉമര്‍ ഖാലിദ് ജനിച്ചിട്ടുപോലും ഇല്ല. അന്ന് സിമിക്കോ സിമി പ്രവര്‍ത്തകര്‍ക്കോ എതിരേ ഒരു കേസുപോലും ഉണ്ടായിരുന്നില്ല. 2001ലാണ് സിമി നിരോധിച്ചത്. കമ്മ്യൂണിസ്റ്റായ തന്റെ മകനെ എന്റെ സിമി പശ്ചാത്തലം വച്ചു വിലയിരുത്തുന്നതും മാധ്യമവിചാരണ നടത്തുന്നതും ഭീകരമാണെന്ന് ഇല്യാസ് പറയുന്നു. ഉമറിനെ പോലിസ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പരിപാടിയുടെ സംഘാടകരിലൊരാളെന്ന നിലയിലാണ് പോലിസ് ഉമറിനെ തേടുന്നത്. തന്റെ മകന്‍ മാത്രമല്ല. പത്തോളം പേരാണ് പരിപാടിയുടെ സംഘാടകര്‍. പിന്നെ എന്തുകൊണ്ടാണ് ഉമറിനെ മാത്രം വേട്ടയാടുന്നത്. പരിപാടിയുടെ പോസ്റ്ററിലേക്കു നോക്കുക. ഉമറിന്റെ പേര് ഏഴാമതാണ്. ഇന്ന് മാധ്യമങ്ങള്‍ പറയുന്നതു കേട്ടാല്‍ തോന്നും ഉമര്‍ രാജ്യം ഏറ്റവും പേടിക്കുന്ന ആളാണ് അവനെന്ന്. താന്‍ മാധ്യമങ്ങളോടു സംസാരിക്കുന്നതു പോലും കുടുംബത്തിനു പേടിയാണെന്ന് ഇല്യാസ് പറയുന്നു. അവനെപ്പോലെ തന്നെയും മാധ്യമങ്ങള്‍ രാജ്യദ്രോഹിയായി മുദ്രകുത്തുമെന്ന പേടിയാണവര്‍ക്ക്.
കിരോരിമാല്‍ കോളജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദമെടുത്ത ഖാലിദ് എംഎയും എംഫിലും ചെയ്തത് ജെഎന്‍യുവിലാണ്. ഉമറിന്റെ സഹോദരി മറിയം ഫാത്തിമ മസാച്ചുസെറ്റ്‌സ് സര്‍വകലാശാലയില്‍ കംപാരറ്റിവ് ലിറ്ററേച്ചറില്‍ ടീച്ചിങ് അസിസ്റ്റന്റായാണ് ജോലി ചെയ്യുന്നത്. മറ്റൊരു സഹോദരി സെന്റ് സ്റ്റീഫന്‍ കോളജില്‍ പഠിക്കുന്നു. ചെറിയ സഹോദരി 11ാം ക്ലാസിലാണ്. യാലെ സര്‍വകലാശാലയില്‍ അവസരം ലഭിച്ചിട്ടും പോവാതെയാണ് ഉമര്‍ നാട്ടില്‍ തുടര്‍ന്നതെന്ന് ഇല്യാസ് പറയുന്നു. തന്റെ സഹജീവികള്‍ക്ക് ഇല്ലാത്ത സൗഭാഗ്യങ്ങള്‍ അനുഭവിക്കുന്നതിനോട് അവനു യോജിപ്പില്ലായിരുന്നു. അവന് പാസ്‌പോര്‍ട്ട് പോലുമില്ല. പിന്നെയെങ്ങനെ അവന്‍ പാകിസ്താന്‍ നാലു തവണ സന്ദര്‍ശിച്ചുവെന്നു പറയുമെന്നും ഇല്യാസ് ചോദിക്കുന്നു. ആദിവാസികളുടെ ദുരിതവും അവഗണനയും സംബന്ധിച്ചതാണ് ഉമറിന്റെ ഗവേഷണവിഷയം. സ്വാഭാവികമായും ആദിവാസികള്‍ക്കായി ശബ്ദമുയര്‍ത്തുക തന്നെ ചെയ്യും. എന്നാല്‍, അതെങ്ങനെ രാജ്യദ്രോഹമാവുമെന്ന് ഇല്യാസ് ചോദിക്കുന്നു.
തന്റെ സഹോദരന്‍ ഉമര്‍ ഖാലിദ് ഒരു ഭീകരനല്ലെന്ന് സഹോദരി മറിയം ഫാത്തിമ പറഞ്ഞു. കനയ്യ കുമാറിനു പിന്തുണയുമായി ഒട്ടേറെ പേര്‍ വിവിധ കോണുകളില്‍ നിന്ന് എത്തി. എന്നാല്‍, അവരെല്ലാം കനയ്യ കുമാറിനു വേണ്ടി മാത്രം ശബ്ദമുയര്‍ത്തുകയും ഉമറിനെ കണ്ടില്ലെന്നു നടിക്കുകയും ചെയ്തു. അനീതിക്കു വേണ്ടി പോരാടുമ്പോള്‍ നീതി നിഷേധിക്കപ്പെടുന്നവരെ തരംതിരിച്ചല്ല മുദ്രാവാക്യം വിളിക്കേണ്ടത്. ഉമറിനെ ഒരു മതമൗലിക വാദിയായി മുദ്രകുത്താനാണ് എല്ലാവരുടെയും വ്യഗ്രതയെന്നും ഫാത്തിമ പറയുന്നു. ഇടതു സംഘടനയായ ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് യൂനിയന്‍ നേതാവായ ഉമര്‍ ഖാലിദ് മാസങ്ങള്‍ക്കു മുമ്പ് അതില്‍ നിന്നു രാജിവച്ചിരുന്നു. എട്ടു വര്‍ഷമായി ജെഎന്‍യുവിലാണു പഠനം.
Next Story

RELATED STORIES

Share it