Azhchavattam

ഉപ്പ് മലിനമായാല്‍...

ഉപ്പ് മലിനമായാല്‍...
X
hrithaya-thejasവ്യക്തിയുടെ കരുത്തിനെയും ശക്തിയെയും സൂചിപ്പിച്ചുകൊണ്ട് അബുല്‍ കലാം ആസാദ് പറഞ്ഞു: മുഴുവന്‍ ഹാരത്തിന്റെയും അന്തസ്സ് ഒരു രത്‌നം വര്‍ധിപ്പിക്കുന്നു. ഒരു പനിനീര്‍ പൂവ് ഉദ്യാനത്തില്‍ മുഴുവനും പരിമളം പരത്തുന്നു. ലോകത്തിന്റെ ജീവന്‍ സമൂഹം തന്നെയാണ്. എന്നാല്‍, സമൂഹത്തിന്ന് ജൈവപോഷകങ്ങള്‍ നല്‍കുന്നത് വ്യക്തികളാണ്.നല്ല വിചാരങ്ങളുള്ളവരും സല്‍സ്വഭാവികളുമായ വ്യക്തികള്‍ക്കേ സമൂഹത്തിന് ജൈവപോഷകങ്ങള്‍ നല്‍കാനാവൂ. ദുസ്വഭാവികള്‍ സമ്പന്നരോ, പണ്ഡിതന്മാരോ, നേതൃശേഷിയുള്ളവരോ ആവട്ടെ, അവര്‍ക്ക് സമുദായത്തെ പോഷിപ്പിക്കാന്‍ കഴിയില്ല.

ദുഃഖകരമെന്നു പറയട്ടെ നമ്മുടെ രാഷ്ട്രീയനേതാക്കളിലും സമുദായനേതാക്കളിലും പെട്ട നിരവധി പേര്‍ പൊങ്ങച്ചത്തിന്റെയും അഹങ്കാരത്തിന്റെയും ആള്‍രൂപങ്ങളായി തീര്‍ന്നിരിക്കുന്നു. അഹങ്കാരത്തെ മതപരിത്യാഗത്തിന്റെയും ഒരു ഘട്ടമായി എണ്ണിയിട്ടുണ്ട്. വ്യക്തിയില്‍ ഉല്‍ക്കൃഷ്ടതാബോധം ഉളവാക്കുക വഴി മറ്റുള്ളവരോടുള്ള പെരുമാറ്റത്തില്‍ ആദ്യഭാവം വച്ചുപുലര്‍ത്തുകയാണ് അഹങ്കാരം. മറ്റുള്ളവരേക്കാള്‍ ഉന്നതന്‍ താനാണെന്ന ധാരണയാണത്. ഒരു വ്യക്തി തനിക്കുണ്ടെന്നു കരുതുന്ന ഒരു ഗുണമോ, മേന്മയോ മറ്റുള്ളവര്‍ക്കില്ലെന്ന് ധരിക്കുക മൂലം താന്‍ ഉന്നതനാണെന്നു ഭാവിക്കുന്നു. മിഥ്യയായ ഔന്നത്യബോധവും സമൂലാവബോധവും അഹങ്കാരത്തിന് കാരണങ്ങളായി വര്‍ത്തിക്കുന്നു. ഉത്തമവും ദ്രോഹകരവുമായ വിശ്വാസങ്ങളുടെയും സല്‍സ്വഭാവത്തിന്റെയും ദുസ്വഭാവത്തിന്റെയും ഭക്തിപ്രധാനമായ പ്രവര്‍ത്തനങ്ങളുടെയും ഗുണ്ടാപ്രവര്‍ത്തനങ്ങളുടെയും പേരിലെല്ലാം ജനങ്ങള്‍ അഹങ്കരിക്കാറുണ്ട്.

കുടുംബവും സ്ഥാനപദവികളും അഹന്തയ്ക്കും പൊങ്ങച്ചത്തിനും നിദാനമായി വര്‍ത്തിക്കാറുണ്ട്.അഹങ്കാരം ഒരു മനസ്ഥിതിയായി മാത്രം നിലകൊള്ളുകയല്ല. നിരവധി നീചപ്രവൃത്തികള്‍ക്ക് അതു സമ്മര്‍ദ്ദം ചെലുത്തുന്നു. ചിലര്‍ തന്റെ പാണ്ഡിത്യത്തിനു ചേര്‍ന്നതല്ലെന്നു കരുതി ബാങ്ക് കൊടുക്കാന്‍ വിമുഖത കാണിക്കുന്നതും യോഗങ്ങളുടെ ആരംഭത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യാതിരിക്കുന്നതും പണ്ഡിതന്മാരുടെ അഹന്തയ്ക്കുള്ള ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹജ്ജ്‌വേളയില്‍ ധരിക്കേണ്ട വസ്ത്രം തങ്ങളുടെ സ്ഥാനപദവികള്‍ക്കു ചേര്‍ന്നതല്ലെന്നു കരുതി ഹജ്ജ്കര്‍മവും സാഷ്ടാംഗം തങ്ങളുടെ അധികാരപദവിക്കു ചേര്‍ന്നതല്ലെന്നു കരുതി നമസ്‌കാരവും വേണ്ടെന്നുവച്ചവര്‍ സമ്പന്നരിലും രാജാക്കന്മാരിലും ചിലര്‍ ഉണ്ടായിട്ടുണ്ടത്രെ. അഹങ്കാരി ദൈവത്തെ പോലും ചോദ്യംചെയ്യുന്നു.

സാധാരണക്കാര്‍ക്കൊപ്പം സഹവസിക്കാതിരിക്കുക, സദസ്സുകളില്‍ പാവങ്ങളുമായി അകന്നു കഴിയുക, ദരിദ്രരെ ആശ്ലേഷിക്കാതിരിക്കുക, ആതിഥ്യമര്യാദകള്‍ സമ്പന്നര്‍ക്കുള്ള കുത്തകയാക്കുക, ആള്‍ക്കൂട്ടത്തെ ശ്രദ്ധിക്കാതിരിക്കുക തുടങ്ങിയ ദുശ്ശീലങ്ങള്‍ രാഷ്ട്രീയനേതാക്കളിലും സമുദായനേതാക്കളിലും അഭ്യസ്തവിദ്യരിലും വ്യാപകമായി കാണപ്പെടുന്ന ദുശ്ശീലങ്ങളാണ്. തങ്ങളും അനുയായികളും മാത്രമാണ് നല്ലവര്‍, മറ്റുള്ളവരെല്ലാം പിഴച്ചവര്‍ എന്ന നിലയില്‍ ചിന്തിക്കുന്ന അഹങ്കാരികളായ നേതാക്കള്‍ ഉണ്ടാക്കുന്ന വിനകള്‍ക്ക് നാം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നു. ദൈവത്തോട് പ്രാര്‍ഥിക്കുമ്പോള്‍ പോലും തങ്ങളോട് വിയോജിക്കുന്നവര്‍ക്കെതിരേ അവര്‍ ശാപപ്രാര്‍ഥനയാണ് നടത്തുക. മതത്തിന്റെ ആത്മാവിനും അന്തസ്സത്തയ്ക്കും കളങ്കമേല്‍പ്പിക്കുകയാണവര്‍. പദാര്‍ഥങ്ങള്‍ കേടുവരുന്നതില്‍ നിന്ന് ഉപ്പ് തടയുന്നു.    എന്നാല്‍, ഉപ്പ് തന്നെ മലിനമായാലോ?
Next Story

RELATED STORIES

Share it