thrissur local

ഉപ്പുവെള്ളം ശുദ്ധീകരിച്ച് ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതി ആരംഭിക്കണമെന്ന്



ചാവക്കാട്: കടപ്പുറം, ഒരുമനയൂര്‍ പഞ്ചായത്തുകളിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ഉപ്പു വെള്ളം ശുദ്ധീകരിച്ച് ശുദ്ധജലം ലഭ്യമാകുന്ന വിധത്തില്‍ പദ്ധതി ആരംഭിക്കണമെന്നാവശ്യപ്പെട്ട് നിവേദനം. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം എ അബൂബക്കര്‍ ഹാജിയാണ് ഈ ആവശ്യമുന്നയിച്ച്  മുഖ്യമന്ത്രിക്കും ജലസേചന മന്ത്രിക്കും നിവേദനം നല്‍കിയത്. ഇരു പഞ്ചായത്തുകളിലും നിത്യോപയോഗത്തിനു പോലും ശുദ്ധജലം ലഭിക്കാതെ ജനം ബുദ്ധിമുട്ടുകയാണെന്നും ബദല്‍ സംവിധാനങ്ങള്‍ ഒരുക്കാന്‍ ഇതു വരെ കഴിഞ്ഞിട്ടില്ലെന്നും എം എ അബൂബക്കര്‍ ഹാജി നിവേദനത്തില്‍ പറയുന്നു. മേഖലയില്‍ കുളം, കിണര്‍ എന്നിവ നിര്‍മിച്ചാലും ശുദ്ധ ജലം ലഭിക്കുന്നില്ല. ഈ അവസ്ഥക്ക് പരിഹാരം കാണാന്‍ കടലില്‍ നിന്നോ ചേറ്റുവ പുഴയില്‍ നിന്നോ ഉപ്പു വെള്ളം ശുദ്ധീകരിച്ച് ശുദ്ധജലം ലഭ്യമാകുന്ന വിധത്തില്‍ പദ്ധതി തയ്യാറാക്കുക മാത്രമാണ് പോംവഴി. ഇത്തരത്തില്‍ ശുദ്ധീകരിച്ചെടുക്കുന്ന വെള്ളം ഹൗസ് കണക്ഷനുകളിലൂടെ വിതരണം ചെയ്യണം. ലക്ഷദ്വീപിന്റെ തലസ്ഥാന നഗരിയില്‍ കടല്‍ വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്ന ലോ ടെമ്പ്രേയ്റ്റര്‍ ഡീസാലിനേഷന്‍ പ്ലാന്റ് അഞ്ച് കോടി രൂപ ചെലവാഴിച്ച് കൊണ്ട് പരീക്ഷണാര്‍ത്ഥത്തില്‍ സ്ഥാപിക്കുകയും അത് പൂര്‍ണമായും വിജയിക്കുകയും ചെയ്തിട്ടുണ്ടെന്ന് അബൂബക്കര്‍ ഹാജി പറയുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി നടപ്പിലാക്കിയ ഈ പദ്ധതിയിലൂടെ ഒരു ദിവസം ഒരു ലക്ഷം ലിറ്റര്‍ കുടിവെള്ളമാണ് ഇപ്പോള്‍ സംഭരിച്ച് വെക്കുന്നതെന്നും അദ്ദേഹം പറയുന്നു. ശുദ്ധ ജലം ലഭിക്കാത്തതു മൂലം കടപ്പുറം, ഒരുമനയൂര്‍ പഞ്ചായത്തുകളിലെ ജനങ്ങളില്‍ പലരും നിത്യോപയോഗത്തിനുള്ള വെള്ളം പണം കൊടുത്ത് വാങ്ങുകയാണ് പതിവ്. പ്രാദേശിക തര്‍ക്കങ്ങള്‍ ഉയരുമ്പോള്‍ ചില സമയങ്ങളില്‍ വെള്ളം ലഭിക്കാറില്ലെന്നും കടലില്‍ നിന്നോ ചേറ്റുവ പുഴയില്‍ നിന്നോ ഉപ്പു വെള്ളം ശുദ്ധീകരിച്ച് ശുദ്ധജലം ലഭ്യമാകുന്ന പദ്ധതി തയ്യാറാക്കിയാല്‍ ഇതിനെല്ലാം പരിഹാരം കാണാനാവും. പദ്ധതിയിലൂടെ ലഭ്യമാവുന്ന ശുദ്ധജലം മിതമായ നിരക്കില്‍ ഹൗസ് കണക്ഷനുകളിലൂടെ നല്‍കിയാല്‍ മേഖലയില്‍ കാലങ്ങളായി തുടരുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുമെന്നും എം എ അബൂബക്കര്‍ ഹാജി നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Next Story

RELATED STORIES

Share it