kannur local

ഉപേക്ഷിച്ച ക്വാറികള്‍ക്കെതിരേ നടപടിയില്ല; അപകടം വര്‍ദ്ധിക്കുന്നു

കണ്ണൂര്‍: ജില്ലയില്‍ നിയമവിരുദ്ധമായി ഉപേക്ഷിക്കപ്പെട്ട കരിങ്കല്‍ ചെങ്കല്‍ ക്വാറികളും പണകള്‍ക്കുമെതിരേ നടപടിയില്ലാത്തത് അപകടങ്ങള്‍ വിളിച്ചു വരുത്തുന്നു. ഉപേക്ഷിക്കപ്പെട്ട ആയിരക്കണക്കിന് ക്വാറികളാണ് ജില്ലയില്‍ പലസ്ഥലങ്ങളിലായി സ്ഥിതി ചെയ്യുന്നത്. നടവഴിയോടും റോഡിനോടും ചേര്‍ന്ന് ദൂരപരിധിപാലിക്കാതെയാണ് മിക്ക പണകളും നിര്‍മിച്ചിട്ടുള്ളത്.
കെഎംഎംസി ആക്ട് പ്രകാരം മേല്‍മണ്ണ് ഇട്ട് പണ നീക്കി ചെങ്കല്ല് എടുത്തതിനുശേഷം അതേ മണ്ണ് ഇട്ട് പണ മൂടിവെക്കണം എന്നതും ഉടമകള്‍ പാലിക്കാറില്ല. ഇതുപാലിക്കാത്തതിനു പുറമേ മേല്‍മണ്ണ് തന്നെ ആദ്യം വില്‍പ്പന നടത്തി ലാബം കൊയ്യുന്ന രീതി തുടര്‍ന്നു വരികയാണ്.
കൂടാതെ മനുഷ്യരും വന്യജീവികളും കന്നുകാലികളും വീഴാതിരിക്കാന്‍ ഉപേക്ഷിക്കുന്ന ക്വാറികള്‍ക്കും പണകള്‍ക്കും ചുറ്റും വേലികെട്ടണമെന്ന നിര്‍ദേശവും പാലിക്കാറില്ല. ഇതിനെതിരേ പരാതി കൊടുത്താലും ജിയോളജി ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിക്കാന്‍ പോവാറില്ലെന്നും ആക്ഷേപമുണ്ട്. കൂടാതെ പണ ഉണ്ടെന്നു വെളിപ്പെടുത്തുന്ന സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിലും ഉടമകള്‍ തയ്യാറാകാത്ത സ്ഥിതായണ്.
ഇത്തരം നിര്‍ദ്ദേശങ്ങളില്‍ വീഴ്ച വരുത്തിയാല്‍ ക്വാറിയുടെ ലൈസന്‍സ് എടുത്തുകളയാമെന്നും കെഎംഎംസി ആക്ടില്‍ വ്യക്തമാക്കുന്നുണ്ട്. നടവഴിയില്‍ നിന്നും 15 മീറ്ററും പൊതുവഴിയില്‍ നിന്ന് 50 മീറ്ററും ദൂരം വിട്ടുമാത്രമേ പണ നിര്‍മിക്കാന്‍ പാടുള്ളൂ. എന്നാല്‍ ഒരു മീറ്റര്‍ പോലും വിടാതെ പ്രവര്‍ത്തിക്കുന്ന ക്വാറികളും പണകളും ജില്ലയില്‍ നിരവധിയാണ്. ഇത്തരത്തിലുള്ള ഒരു ചെങ്കല്‍ പണയില്‍ വീണാണ് കഴിഞ്ഞ ദിവസം മാതമംഗലത്ത് ഒരാള്‍ മരിക്കാനിടയായത്. സംഭവത്തില്‍ മൈനിങ് ആന്റ് ജിയോളജ് വകുപ്പിനെതിരേയും ക്വാറി ഉടമയ്‌ക്കെതിരേയും കേസെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പരിസ്ഥിതി സമിതി കലക്ടര്‍ക്ക് പരാതി സമര്‍പ്പിച്ചിരുന്നു.
പണകള്‍ക്കും ക്വാറിക്കും ലൈസന്‍സ് നല്‍കുന്നതിനു പിന്നില്‍ വന്‍ അഴിമതി നടക്കുന്നതായും നിയമങ്ങള്‍ പാലിക്കാത്തത് പരിശോധിക്കാതെയാണ് പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുന്നതെന്നും പരിസ്ഥിതി സമിതി ആരോപിച്ചു.
Next Story

RELATED STORIES

Share it