Flash News

ഉപാധികള്‍ അധികൃതര്‍ അംഗീകരിച്ചു; രാമന്തളി മാലിന്യ സമരം അവസാനിച്ചു

ഉപാധികള്‍ അധികൃതര്‍ അംഗീകരിച്ചു; രാമന്തളി മാലിന്യ സമരം അവസാനിച്ചു
X


പയ്യന്നൂര്‍: രാമന്തളിയിലെ കിണറുകള്‍ മലീനപെടുത്തുന്ന നാവിക അക്കാദമി മാലിന്യ പ്ലാന്റ് അടച്ചു പൂട്ടുക എന്നാവശ്യപ്പെട്ട് ജന ആരോഗ്യ സംരക്ഷണ സമിതി അക്കാദമി ഗെയിറ്റിനു മുന്നില്‍ കഴിഞ്ഞ 85 ദിവസമായി നടത്തിവന്ന മാലിന്യ വിരുദ്ധ സമരം അവസാനിപ്പിച്ചു.സമരസമിതി ഭാരവാഹികളുമായി നേവല്‍ അധികൃതര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. സമരസമിതി മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ നേവല്‍ അധികൃതര്‍ അംഗീകരിക്കുവാന്‍ തയ്യാറായതോടെയാണ് ജന ആരോഗ്യ സംരക്ഷണ സമിതി സമരം അവസാനിപ്പിച്ചത്. സമരപന്തലില്‍ നിരാഹാര സമരം നടത്തിവന്ന കെ പി പരമേശ്വരിക്ക് കെ പി സി നാരായണ പൊതുവാള്‍ നാരങ്ങനീര് നല്‍കി സമരം അവസാനിപ്പിച്ചു. ചടങ്ങില്‍ സതീശന്‍ പാച്ചേനി, കെ രഞ്ജിത്ത്, സത്യപ്രകാശ് എന്നിവര്‍ പങ്കെടുത്തു.

കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് ഇന്നു രാവിലെ വീണ്ടും സമരസമിതി ഭാരവാഹികളുമായി നേവല്‍ അക്കാദമി കമാണ്ടന്റ് എസ് വി ബുഖാര ചര്‍ച്ച നടത്തിയത്. സമരസമിതി മുന്നോട്ട് വെച്ച ഡീ സെന്‍ട്രെലൈസേഷന്‍ അടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ നേവല്‍ അധികൃതര്‍ അംഗീകരിക്കാന്‍ തയ്യാറായി.നിലവിലെ മാലിന്യ പ്ലാന്റില്‍ എത്തുന്ന മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്ന ഡീ സെന്‍ട്രെലൈസേഷന്‍ പ്രവൃത്തി ആറു മുതല്‍ 8 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി.മാലിന്യ വികേന്ദ്രീകരണ പ്രവൃത്തി പൂര്‍ത്തിയാകുന്നതുവരെ നിലവിലെ പ്ലാന്റിന്റെ പൈപ്പ് ലൈനില്‍ ലീക്കേജ് തടയുവാന്‍ നവീകരണ പ്രവൃത്തികള്‍ നടത്തും.അകാദമിയുടെ രണ്ടാം ഘട്ട വികസന പ്രവൃത്തിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന പുതിയ പ്ലാന്റ് ജനവാസ കേന്ദ്രത്തില്‍ നിന്നും മാറി കടലിനോട് ചേര്‍ന്ന് സ്ഥാപിക്കാനും തീരുമാനമായി.

അതിനിടയില്‍ ചൊവ്വാഴ്ച വൈകുന്നേരം സമരപന്തലില്‍ എത്തി സമരക്കാരുമായി നേവല്‍ അധികൃതര്‍ നടത്തിയ ചര്‍ച്ചയുടെ തീരുമാനത്തില്‍ നിന്നും നേവല്‍ അധികൃതര്‍ പിന്നോക്കം പോയത് പ്രതിഷേധത്തിന് കാരണമായി.ഇതേ തുടര്‍ന്ന് ജന ആരോഗ്യ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ അക്കാദമി രാമന്തളി ഗെയിറ്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഗെയിറ്റ് ഉപരോധിച്ചു.ഈ സമയത്ത് ബി ജെ പി നേതൃത്വത്തിന്റെ ഇടപെടലും നിര്‍ണ്ണായകമായി. ഡല്‍ഹിയിലുള്ള ബിജെപി നേതാവ് പി കെ കൃഷ്ണദാസ് പ്രതിരോധ മന്ത്രിയുടെ ഓഫീസില്‍ നിന്നും നടത്തിയ ഇടപെടലും പ്രശ്‌ന പരിഹാരത്തിന് ആക്കം കൂട്ടി.

സമരം അവസാനിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സമര പ്രവര്‍ത്തകര്‍ രാമന്തളി ടൗണില്‍ പ്രകടനവും പൊതുയോഗവും നടത്തി

Next Story

RELATED STORIES

Share it