ഉപസമിതിയുടെ പരിശോധന: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പുതിയ ചോര്‍ച്ച

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ബേബി ഡാമിലും നിരവധിയിടങ്ങളില്‍ പുതിയ ചോര്‍ച്ചകള്‍ കണ്ടെത്തി. സുപ്രിംകോടതി നിയോഗിച്ച മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതിയുടെ ഭാഗമായ ഉപസമിതി നടത്തിയ പരിശോധനയിലാണ് ചോര്‍ച്ച കണ്ടെത്തിയത്.
ഇത്രയും ഗുരുതരമായ ചോര്‍ച്ച മുമ്പു കണ്ടിട്ടില്ലെന്ന് ഉപസമിതിയിലെ കേരള പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. അണക്കെട്ടിലെ 10, 11, 17, 18 ബ്ലോക്കുകളിലാണ് വ്യാപകമായി ചോര്‍ച്ച ദൃശ്യമായത്.
അണക്കെട്ടിന്റെ 130 അടിയില്‍ മധ്യഭാഗത്ത് നടപ്പാതയില്‍ കുമിളകളായി വെള്ളം മേല്‍പ്പോട്ട് ഉയരുന്നുണ്ട്. ജലനിരപ്പ് ആശങ്കാജനകമായി ഉയരുമ്പോഴും അണക്കെട്ടിന്റെ ഷട്ടറുകള്‍ പ്രവര്‍ത്തനക്ഷമമാണോയെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിച്ചുകാണിക്കണമെന്ന് മുമ്പ് സന്ദര്‍ശനം നടത്തിയപ്പോഴെല്ലാം ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍, ഇതുവരെ ഷട്ടറുകളുടെ പ്രവര്‍ത്തനക്ഷമത ഉപസമിതിയെ ബോധ്യപ്പെടുത്തിയിട്ടില്ല. ജലനിരപ്പ് ഉയരുമ്പോള്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ വെള്ളം പുറത്തേക്ക് ഒഴുക്കണമെങ്കില്‍ ഷട്ടറുകള്‍ പ്രവര്‍ത്തനക്ഷമമാവണം. ഇതു പ്രവര്‍ത്തിപ്പിച്ചുകാണിക്കാന്‍ തമിഴ്‌നാട് വൈമനസ്യം കാട്ടുകയാണ്.
ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മേല്‍നോട്ടസമിതി നാളെ അണക്കെട്ട് സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് ഉപസമിതിയുടെ പരിശോധന. അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ 138.4 അടിയിലെത്തി. തമിഴ്‌നാട് കൊണ്ടുപോവുന്ന വെള്ളത്തിന്റെ അളവില്‍ മാറ്റം വരുത്തിയിട്ടില്ല. 511 ഘനയടി വെള്ളം മാത്രമാണ് പെന്‍സ്‌റ്റോക്ക് പൈപ്പിലൂടെ തമിഴ്‌നാട് കൊണ്ടുപോവുന്നത്.
Next Story

RELATED STORIES

Share it