ഉപരോധത്തിലുള്ള സിറിയന്‍ നഗരങ്ങളിലേക്ക് സഹായമെത്തിക്കാന്‍ ധാരണ

ദമസ്‌കസ്: ആയിരങ്ങള്‍ പട്ടിണിമരണത്തിന്റെ വക്കില്‍ നില്‍ക്കുന്ന ഉപരോധത്തിലുള്ള സിറിയന്‍ നഗരങ്ങളിലേക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കാന്‍ ധാരണയായി. ധാരണപ്രകാരം ലെബനീസ് അതിര്‍ത്തിയിലെ പ്രതിപക്ഷ നിയന്ത്രണത്തിലുള്ള മദായ നഗരത്തിലും വിമതര്‍ ഉപരോധിക്കുന്ന വടക്കുകിഴക്കന്‍ പ്രവിശ്യയായ ഇദ്‌ലിബിലെ രണ്ടു ഗ്രാമങ്ങളിലും സഹായമെത്തിക്കും. സഹായ സാമഗ്രികള്‍ വഹിച്ചുള്ള വാഹനങ്ങള്‍ തിങ്കളാഴ്ച മേഖലകളിലെത്തുമെന്ന് യുഎന്‍ വ്യക്തമാക്കി.
സിറിയയിലെ മദായ നഗരത്തില്‍ നാല്‍പ്പതോളം പേര്‍ ഭക്ഷണം കിട്ടാതെ മരിച്ചതായി റെഡ്‌ക്രോസ് ഉള്‍പ്പെടെയുള്ള സന്നദ്ധസംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇലകളും പുല്ലുകളും പിഴിഞ്ഞു ചാറെടുത്തുകഴിച്ചാണ് പലരും ജീവന്‍ നിലനിര്‍ത്തുന്നത്. ചിലര്‍ പൂച്ചയെയും മറ്റു വളര്‍ത്തുമൃഗങ്ങളെയും കൊന്നു വിശപ്പുമാറ്റുന്നു. യുഎന്‍ സഹായം എത്തിക്കാന്‍ വിവിധ സംഘടനകള്‍ ശ്രമം നടത്തുന്നുണ്ട്. സബദാനി, ഫോഹ്, കെഫ്രയ എന്നീ സമീപനഗരങ്ങളും പട്ടിണിയിലാണ്.
Next Story

RELATED STORIES

Share it